ന്യൂഡൽഹി: ആദിത്യ എൽ 1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കിയതിനു പിന്നാലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-മൂന്ന്. പ്രഗ്യാൻ റോവറിന്റെ ചന്ദ്രോപരിതലത്തിലെ സഞ്ചാര ദൂരം 100 മീറ്റർ പിന്നിട്ടതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ പ്രഗ്യാൻ റോവർ സഞ്ചാരം തുടരുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

കമാൻഡുകൾക്കനുസൃതമാണ് പ്രഗ്യാൻ റോവറിന്റെ സഞ്ചാരം. വിക്രം ലാൻഡറിൽ നിന്ന് വേർപ്പെട്ട ശേഷം ആദ്യം വടക്കു ദിശയിലേക്കായിരുന്നു റോവർ നീങ്ങിയത്. പിന്നീട് വടക്കുകിഴക്ക് ദിശയിലേക്കായി റോവറിന്റെ യാത്ര. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ റോവർ നിലവിൽ വടക്കു ദിശ ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത്.

ഭൂമിയിലെ പതിനാല് ദിവസമാണ് വിക്രം ലാൻഡറിന്റെയും പ്രഗ്യാൻ റോവറിന്റെയും ദൗത്യത്തിന്റെ കാലദൈർഘ്യം. നിലവിൽ ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ ഒമ്പത് ദിവസങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് ദിവസത്തെ ദൗത്യം കൂടിയാണ് ലാൻഡറിനും റോവറിനും ബാക്കിയുള്ളത്.

ഒമ്പത് ദിവസത്തെ ദൗത്യത്തിനിടയിൽ ചന്ദ്രനിൽ സൾഫറും ഓക്സിജനുമുൾപ്പടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം റോവർ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക വിശകലനത്തിൽ ചന്ദ്രോപരിതലത്തിൽ അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു.

കൂടാതെ മാംഗനീസ്, സിലിക്കൺ, ഓക്‌സിജൻ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ചന്ദ്രയാൻ മൂന്നിന്റെ ഭാഗമായ പ്രഗ്യൻ റോവർ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി നീങ്ങുന്ന ദൃശ്യങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാന മൂന്ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി എട്ട് ദിവസം പിന്നിടുമ്പോഴാണ് പുതിയ ദൃശ്യം പുറത്തുവന്നത്.

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നീങ്ങുന്നതും വഴിയിൽ ഗർത്തമോ മറ്റോ കണ്ടതിനെ തുടർന്ന് സുരക്ഷിത വഴി കണ്ടെത്താൻ കറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അമ്മ നോക്കിനിൽക്കെ 'ചന്ദമാമ'യുടെ മുറ്റത്ത് ഒരു കുഞ്ഞ് ഉല്ലസിച്ച് കളിക്കുന്നത് പോലേ തോന്നുന്നില്ലെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ദൃശ്യം ഐഎസ്ആർഒ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചത്. വിക്രം ലാൻഡറിന്റെ ഇമേജർ ക്യാമറയാണ് റോവറിന്റെ മനോഹര ദൃശ്യം പകർത്തിയത്.

റോവറിലെ മറ്റൊരു ഉപകരണം മറ്റൊരു സാങ്കേതികതയിലൂടെ മേഖലയിൽ സൾഫറിന്റെ (എസ്) സാന്നിധ്യം സ്ഥിരീകരിച്ചതായും ഐഎസ്ആർഒ അറിയിച്ചു. ആൽഫ പാർട്ടിക്കിൾ എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പ് ആണ് സൾഫറും മറ്റു ചില ചെറിയ മൂലകങ്ങളും കണ്ടെത്തിയത്.