സ്റ്റോക്ക്‌ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. യു.എസ് ഗവേഷകൻ പിയറെ അഗോസ്റ്റിനി, ജർമൻ ഗവേഷകൻ ഫെറെൻസ് ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലുലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾ രൂപപ്പെടത്തിയ മൂന്ന് ശാസ്ത്രജ്ഞരാണ് 2023 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്.

ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം. ആറ്റങ്ങൾക്കും തന്മാത്രകൾക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാൻ വഴിതുറക്കുന്ന പരീക്ഷണങ്ങളാണ് മൂവരും രൂപപ്പെടുത്തിയതെന്ന്, പുരസ്‌കാര പ്രഖ്യാപനത്തിൽ സ്വീഡിഷ് അക്കാദമി പറഞ്ഞു.

ഉത്കൃഷ്ട വാതകങ്ങളി(നിറമോ ഗന്ധമോ ഇല്ലാത്ത വാതകം)ലൂടെ ഇൻഫ്രാറെഡ് ലേസർ പ്രകാശം പ്രക്ഷേപണം ചെയ്തപ്പോൾ പ്രകാശത്തിന്റെ വിവിധ ഓവർടോണുകൾ ഉയർന്നുവന്നതായി 1987-ൽ ആൻ ലുലിയെ കണ്ടെത്തി. ലേസർ ലൈറ്റിലെ ഓരോ ചക്രത്തിനും നിശ്ചിത എണ്ണം സൈക്കിളുകളുള്ള പ്രകാശ തരംഗമാണ് ഓരോ ഓവർടോണുകളും. ലേസർ പ്രകാശം വാതകത്തിലെ ആറ്റങ്ങളുമായി ഇടപഴകുന്നതാണ് ഇതിന് കാരണമാകുന്നത്. ആൻ ലുലിയെ ഈ പ്രതിഭാസം പര്യവേക്ഷണം ചെയ്യുന്നത് തുടർന്നു.

തുടർന്ന് 2001-ൽ, പിയറെ അഗോസ്റ്റിനി തുടർച്ചയായി പ്രകാശത്തിന്റ സ്പന്ദനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. അതിലെ ഓരോ സ്പന്ദനവും 250 അറ്റോസെക്കൻഡ് നീണ്ടുനിന്നു. പിന്നീട് ഫെറെൻസ് ക്രൗസ് മറ്റൊരു തരത്തിലുള്ള പരീക്ഷണം നടത്തി. അതിൽ 650 അറ്റോസെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു പ്രകാശ സ്പന്ദനത്തെ വേർതിരിച്ചെടുക്കാൻ സാധിച്ചു.

ഫ്രാൻസിലെ ഐക്‌സ്-മാർസീലെ സർവകലാശാലയിൽനിന്ന് 1968-ൽ പിഎച്ച്ഡി സ്വന്തമാക്കിയ പിയറെ അഗോസ്റ്റിനി അമേരിക്കയിലെ കൊളംബസിലെ ഓഹിയോ സർവകലാശാല പ്രൊഫസറാണ്.

ഫെറെൻസ് ക്രൗസ് 1962-ൽ ഹംഗറിയിലെ മോറിലാണ് ജനിച്ചത്. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽനിന്ന് 1991 പിഎച്ച്ഡി സ്വന്തമാക്കി. ഗാർച്ചിങ് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്‌സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്വിഗ്- മാക്സിമില്ല്യൻസ് സർവകലാശാല പ്രൊഫസറുമാണ്.

1958ൽ ഫ്രാൻസിലെ പാരീസിലാണ് ആൻ ലുലിയെ ജനിച്ചത്. ഫ്രാൻസിലെ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകാശാലയിൽനിന്ന് 1986ൽ പിഎച്ച്ഡി സ്വന്തമാക്കിയത്. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ പ്രൊഫസറാണ്.

കഴിഞ്ഞ വർഷം ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ് ക്ലൗസർ (യുഎസ്), ആന്റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർ പങ്കിടുകയായിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ്ങിനും ക്വാണ്ടം ഇൻഫർമേഷൻ സയൻസിനും അടിത്തറയിടുന്ന പരീക്ഷണങ്ങളാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്.

രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. സാഹിത്യത്തിനുള്ള പുരസ്‌കാരജേതാവ് അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒൻപതിനും പ്രഖ്യാപിക്കും.

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാക്കളായി ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റായ കാതലിൻ കാരിക്കോയെയും അമേരിക്കൻ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കോവിഡ്-19 നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് കാതലിൻ കാരിക്കോയെയും ഡ്രൂ വീസ്മാനെയും പുരസ്‌കാരത്തിന് അർഹമാക്കിയത്. കാൻസർ വാക്സിനായും തെറാപ്യൂട്ടിക് പ്രോട്ടീൻ ഡെലിവറി, പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖങ്ങൾ എന്നിവയ്ക്കും എംആർഎൻഎ സാങ്കേതിക വിദ്യ ഭാവിയിൽ ഉപകാരപ്പെടും.

1895-ൽ മരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേലിന്റെ ഓർമയ്ക്കായാണ് നൊബേൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. 1895 ൽ ഏർപ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആൽഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണംപൂശിയ ഫലകവും 11 മില്യൺ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്‌കാരത്തുക. കഴിഞ്ഞവർഷം 10 മില്യൺ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.