കോഴിക്കോട്: 2023ൽ നാസ പൾസാർ സ്റ്റാറുകളെ കണ്ടെത്തിയതായും അവയെക്കുറിച്ച് പഠനം നടത്തിയതായും ഏറെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ പൾസാർ സ്റ്റാറുകളെക്കുറിച്ച്, 1400 വർഷങ്ങൾക്ക് മുമ്പ് ഖുറാനിൽ അല്ലാഹു പരാമർശിച്ചിരുന്നു എന്ന് പറയുന്ന വീഡിയോ വൈറൽ ആവുകയാണ്. വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്.

''2023ൽ ശാസ്ത്രജ്ഞർ ആദ്യമായി ഒരു നക്ഷത്രത്തിന്റെ, ശബ്ദം കേട്ടു. അതും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ. ഇന്ന് അവർ കേട്ട നക്ഷത്രത്തിന്റെ ശബ്ദത്തെക്കുറിച്ച് 1400 വർഷങ്ങൾക്ക് മുന്നേ ഖുർആനിൽ അള്ളാഹു, പരാമർശിച്ചിരിക്കുന്നു. കൃത്യമായി ആരോ, വാതിലിൽ മുട്ടുന്നതുപോലെയാണ് ആ ശബ്ദം. ഈ വീഡിയോയുടെ തുടക്കത്തിൽ ഖുർആനിൽ പരാമർശിച്ചിരിക്കുന്ന ആ നക്ഷത്രത്തിന്റെ ശബ്ദം നിങ്ങൾക്ക് കേൾക്കാം. അതിനെ കൃത്യമായി നേരത്തെ തന്നെ ഖുർആനിൽ ടാർക്ക് എന്ന വിശേഷിപ്പിച്ചിരിക്കുന്നു. വാതിലിൽ മുട്ടുക, എന്നതാണ് അതിനർഥം. അതിനാൽ നിങ്ങളുടെ നാഥന്റെ ഏത് ആഗ്രഹങ്ങളെയും കാര്യങ്ങളെയുമാണ് നിങ്ങൾ നിഷേധിക്കയെന്ന് എന്നോട് പറയുക. അള്ളാഹു മഹാനാണ്, അവനെത്ര ആരാധ്യൻ''- ഇങ്ങനെയാണ് ഈ കുറിപ്പ്. ഇതോടൊപ്പമാണ് ഇംഗ്ലീഷിലുള്ള വീഡിയോ പ്രചരിക്കുന്നത്.

അടിസ്ഥാനരഹിത വാദങ്ങൾ

എന്നാൽ ഇത് പുർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ്, സ്വതന്ത്രചിന്തകനും, ശാസ്ത്ര പ്രഭാഷകനുമായ ബൈജുരാജ്. തന്റെ ശാസ്ത്രലോകം പേജിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ഇങ്ങനെ പറയുന്നു. ''ഇതുപോലുള്ള മത മേസേജുകൾക്ക് ഒന്നും ശാസ്ത്രലോകം ഉത്തരം പറയാറില്ല. എന്നാൽ പൾസാർ സ്റ്റാറിനെയൊക്കെ ഇതിലേക്ക് വലിച്ചിഴച്ചതുകൊണ്ട് മാത്രമാണ് മറുപടി പറയുന്നത്. ഇനി മറുപടി പറഞ്ഞില്ലെങ്കിൽ ശാസ്ത്രലോകത്തിന് ഉത്തരമില്ല, ശാസ്ത്രം മുട്ടുമടക്കി എന്നൊക്കെ അവർ പറയും. അതുകാരണം മാത്രമാണ് ഇങ്ങനെ ഒരു വിശദീകരണ വീഡിയോ.''- ഇങ്ങനെ ആമുഖമായി പറഞ്ഞുകൊണ്ട് ബൈജുരാജ് തന്റെ വീഡിയോ തുടങ്ങുന്നത്.

തുടർന്ന് അദ്ദേഹം വിശദീകരിക്കുന്നു. '' ആദ്യമായി പൾസാർ സ്റ്റാർ ഇതുപോലെ ഒരു ശബ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കാം. പൾസാർ സ്്റ്റാറും, മറ്റ് ഏതൊരു സ്റ്റാറും, നമ്മുടെ സൂര്യനും, ഭൂമിയും ചന്ദ്രനുമൊക്കെ ശബ്ദമുണ്ടാക്കുന്നുണ്ട്. ഈ ശബ്ദങ്ങളൊക്കെ നമ്മൾ കേൾക്കുന്നുണ്ടോ. ഭൂമിയിലുള്ള ശബ്ദങ്ങൾ മാത്രമേ നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ. ഭൂമിയിൽ ശബ്ദം സഞ്ചരിക്കാനായി ഒരു മീഡിയം ഉണ്ട്, വായു. എന്നാൽ സൂര്യനിലും ചന്ദ്രനിലുമുള്ള ശബ്ദമൊന്നും നമുക്ക് കേൾക്കാൻ സാധിക്കില്ല. കാരണം അവയക്കും നമുക്കും ഇടയിൽ വായു ഇല്ലാത്ത ഒരു സ്ഥലമാണ്. അതുകാരണം തന്നെ ശബ്ദം അവിടെനിന്ന് നമ്മുടെ അടുത്ത് എത്തില്ല. സൂര്യനിലെ ശബ്ദം നമ്മൾ കേൾക്കുകയാണെങ്കിൽ അത് ആയിക്കണക്കിന് ബോംബുകൾ ഒരുമിച്ച് പൊട്ടുന്ന, ഒരു ശബ്ദമായിരിക്കും നമ്മൾ കേൾക്കുക.

അതുപോലെ സൂര്യനേക്കാൾ നൂറുകണക്കിന് മൈൽ അകലെയാണ് ഈ പൾസാർ സ്റ്റാർ ഒക്കെ. അവയും ശബ്ദം ഉണ്ടാക്കും. പക്ഷേ അതും നമ്മൾ കേൾക്കില്ല. പക്ഷേ പൾസാർ സ്റ്റാറിന്റെ ശബ്ദം റെക്കോർഡ് ചെയ്തു എന്ന് പറയുന്നത് ശാസ്ത്രീയമായ ഒരു രീതിയാണ്. അത് യഥാർത്ഥത്തിൽ ശബ്ദമല്ല. പൾസാർ സ്റ്റാർ എന്ന് പറയുന്നത് ന്യൂട്രോൺ സ്റ്റാർസ് ആണ്. ഇവ വളരെ സ്പീഡിൽ കറങ്ങിക്കൊണ്ടിരിക്കും. ചില സമയത്ത് അവയിൽനിന്നുള്ള ഇലട്രോമാഗ്നറ്റിക്ക് റേഡിയേഷൻ, നമ്മുടെ നേർക്ക് ഒരു ടോർച്ചിന്റെ ലൈറ്റുപോലെ എത്തും. നമ്മൾ കടൽക്കരയിൽ മറ്റോ നിൽക്കയാണെങ്കിൽ, അതിനടത്ത് ഒരു ലൈറ്റ് ഹൗസ് ഉണ്ടെങ്കിൽ ആ ലൈറ്റിൽനിന്ന്, പ്രകാശം വരുന്നത് എങ്ങനെയാണ്. ആ ലൈറ്റ് കറങ്ങിക്കൊണ്ടിരിക്കും. ചില സമയത്ത്, അത് നമ്മുടെ അടുത്തേക്ക് വരും. പിന്നീട് അത് കറങ്ങിപ്പോകും. നമ്മുടെ അടുത്ത് വരുമ്പോഴാണ് പ്രകാശം നാം ശക്തമായി കാണുക.''- ബൈജുരാജ് പറയുന്നു.

അത് യഥാത്ഥ ശബ്ദമല്ല

വീഡിയോയിൽ ബൈജുരാജ് ഇങ്ങനെ തുടരുന്നു. ''അതുപോലെ തന്നെയാണ്, പൾസാസ്റ്റാർസും. അവയും കറങ്ങിക്കൊണ്ടിരിക്കും. നമ്മുടെ നേർക്ക് വരുമ്പോൾ ബ്രൈറ്റായി തോന്നും. ഇതാണ് സംഭവിക്കുന്നത്. എന്നാൽ ഇതിന്റെ കറക്കം റെപ്രസന്റ് ചെയ്യുന്നതിനായിട്ട്, ഇതിനെ ശബ്ദമായിട്ട് പലരും മാറ്റാറുണ്ട്. യഥാർത്ഥത്തിൽ ഇത് ശബ്ദമല്ല. ഈ കറക്കത്തിന്റെ ബ്രൈറ്റ്നെസ് ആണ് കൂടുന്നത്. ഈ ബ്രൈറ്റ്നസ് കൂടുന്നതിന്റെ ഇടവേള നമുക്ക് പിക്ച്ചർ നോക്കി മനസ്സിലാക്കുന്നപോലെ ശബ്ദം കേട്ടും മനസ്സിലാക്കാനായിട്ട് നമ്മുടെ അടുത്തേക്ക് വരുമ്പോൾ ശബ്ദം ഉണ്ടാക്കും. ദൂരേക്ക് പോവുമ്പോൾ, അത് സൈലന്റ് ആയിരിക്കും.

ഉദാഹരണമായിട്ട് ലൈറ്റ് ഹൗസിന്റെ കാര്യം തന്നെ എടുക്കാം. ഒരു ലൈറ്റ് ഹൗസിൽനിന്ന് നമ്മുടെ അടുത്തുവരുന്ന ലൈറ്റ് എന്നത്, ചിലപ്പോൾ വളരെ ബ്രൈറ്റ് ആയിട്ട് വരും, പിന്നെ കറങ്ങി വീണ്ടും വരും. ഈ സമയത്തെല്ലാം നമ്മൾ ഒരു കറക്കം ടിക്ക് എന്ന ശബ്ദമായിട്ട് റെക്കോർഡ് ചെയ്യുകയാണെങ്കിൽ, ടിക്ക് ടിക്ക് എന്ന ശബ്ദത്തിൽനിന്ന് സ്പീഡ് നമുക്ക് മനസ്സിലാക്കാം. ഈ ശബ്ദം കേട്ടിട്ട് നമുക്ക് ലൈറ്റിന്റെ തീവ്രത മനസ്സിലാക്കാം. അതുപോലെ തന്നെ പൾസാ സ്്റ്റാറിനെ മനസ്സിലാക്കാൻ വേണ്ടിയാണ്, അത് ശബ്ദമായിട്ട് റെക്കോർഡ് ചെയ്യുന്നത്. അതല്ലാതെ അത് ശരിക്കുമുള്ള ശബ്ദമല്ല. അത് റെപ്രസെന്റേഷൻ മാത്രമാണ്.

ഇനി മറ്റൊരുകാര്യം പൾസാർ സ്റ്റാർ എന്ന് പറയുന്നത് ഒരെണ്ണം മാത്രമല്ല. ഏകദേശം രണ്ടായിരത്തിൽ കൂടുതൽ പൾസാർ സ്റ്റാറുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ വെറും ഒരു പൾസാർ സ്റ്റാറിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ പൾസാർ സ്റ്റാറിന്റെ ശബ്ദം ഇതുവരെ ഭൂമിയിൽ എത്തിയിട്ടില്ല. എത്തുകയുമില്ല. ഇനി അത് അങ്ങനെ റേക്കോർഡ് ചെയ്താൽ തന്നെ അത് വാതിലിൽ മുട്ടുന്ന ശബ്ദവുമല്ല. കോടിക്കണക്കിന് ബോംബുകൾ ഒരുമിച്ച് പൊട്ടുന്ന ശബ്ദം മാത്രമേ നമുക്ക് കേൾക്കാൻ കഴിയൂ.

ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാവുന്നത് ശാസ്ത്രം സത്യമാണെന്ന് എല്ലാ മതക്കാരും അംഗീകരിക്കുന്നു. അതുകൊണ്ട്, ആ മതത്തിലെ കാര്യങ്ങൾ എങ്ങനെ ശാസ്ത്രവുമായി കുട്ടിയിണക്കാം, എന്ന് പലരും ചിന്തിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ്, പൾസാർ സ്റ്റാറിന്റെ കുറിച്ച് 1400 വർഷങ്ങൾക്ക് മുമ്പ് ഖുറാനിൽ അല്ലാഹു പരാമർശിച്ചിരുന്നു എന്ന പ്രചാരണം. ''- ശാസ്ത്രലോകം ബൈജുരാജ് വ്യക്തമാക്കുന്നു.