ലണ്ടൻ: മെയ്‌ മാസം നടക്കാനിരിക്കുന്ന സ്‌കോട്ട്ലാൻഡ് തിരഞ്ഞെടുപ്പ് ബ്രിട്ടൻ! നിർണ്ണായകമായി മാറുകയാണ്. എസ് എൻ പിക്ക് തിരഞ്ഞെടുപ്പിൽ കൃത്യമായ ഭൂരിപക്ഷം ലഭിച്ചാൽ സ്‌കോട്ട്ലാൻഡ് സ്വതന്തര രാഷ്ട്രമാകുന്നതു സംബന്ധിച്ച റഫറൻഡം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇത് തടയണമെങ്കിൽ ബോറിസ് ജോൺസന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും പാർട്ടി പറഞ്ഞു. ഇന്ന് നടക്കുന്ന പാർട്ടി യോഗത്തിൽ റഫറണ്ടം സംബന്ധിച്ച ഒരു പതിനൊന്നിന പരിപാടി സ്‌കോട്ടിഷ് സർക്കാരിലെ ഭരണഘടനാ സെക്രട്ടറി മൈക്ക് റസ്സൽ അവതരിപ്പിക്കും.

ബ്രിട്ടീഷ് സർക്കാൻ ഈ റഫറണ്ടത്തിന്റെ നിയമ സാധുത ചോദ്യം ചെയ്താൽ അതിന്നെ നേരിടാനുള്ള വഴികളൂം ഈ പതിനൊന്നിന പരിപാടിയിൽ ഉണ്ട്. 1998-ലെ സ്‌കോട്ട്ലാൻഡ് ആക്ടിലെ സെക്ഷൻ 30 പ്രകാരം സാധാരണഗതിയിൽ ബ്രിട്ടീഷ് പാർലമെന്റിന് മാത്രം പാസ്സാക്കാവുന്ന നിയമങ്ങളിൽ ചിലത് പാസ്സാക്കാൻ സ്‌കോട്ട്ലാൻഡ് സർക്കാരിന് അവകാശം നൽകുന്നുണ്ട്. 2014-ലെ റഫറണ്ടത്തിനു മുൻപായാണ് ഈ അവകാശം നൽകിയത്. അതുകൊണ്ടുതന്നെ സ്‌കോട്ട്ലാൻഡ് സർക്കാരിന് വീണ്ടുമൊരു റഫറണ്ടം നടത്താൻ അവകാശമുണ്ടെന്ന് ബ്രിട്ടീഷ് സർക്കാരിന് സമ്മതിക്കേണ്ടിവരും എന്നാണ് റസ്സൽ പറഞ്ഞിരിക്കുന്നത്. അതില്ലെങ്കിൽ സെക്ഷൻ 30 വഴി റഫറണ്ടത്തിന് നിയമസാധുത കൈവരിക്കാനും ആകും.

അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം റഫറാണ്ടത്തിനെ ശക്തിയുക്തം എതിർക്കുമെന്ന് ബോറിസ് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിശ്ചിത പാതയാണിത് എന്നതിൽ ഉറച്ചുനിൽക്കുകയാണ് എസ് എൻ പി. അതുകൊണ്ടു തന്നെ , അടുത്ത തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയാൽ, ഉടൻ തന്നെ റഫറണ്ടം കൊണ്ടുവരാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.

എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കും എന്നാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ സ്‌കോട്ടിഷ് ലേബർ പാർട്ടിയുടെനിലപാട്. തികച്ചും പരാജയമായ ബ്രിട്ടീഷ് സർക്കാർ ആദ്യം സ്‌കോട്ട്ലാൻഡിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇപ്പോൾ സ്‌കോട്ടിഷ് ഭരണകക്ഷി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആഴ്‌ത്താൻ പോകുന്നു, സ്‌കോട്ടിഷ് ലേബർ പാർട്ടിയുടെ ഇടക്കാല നേതാവ് ലാക്കി ബെയ്ലി പറഞ്ഞു.

സ്‌കോട്ടിഷ് കൺസർവേറ്റീവ് പാർട്ടിയും ഈ നീക്കത്തിന് എതിരാണ്. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനായി പൂർണ്ണ ശ്രദ്ധയും നൽകേണ്ട സമയത്ത് ഇത്തരത്തിലൊരു നീക്കം അഭികാമ്യമല്ല എന്നാണ് അവർ പറയുന്നത്. അതേസമയം, സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച കാര്യത്തിൽ 2014-ൽ തന്നെ വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് എന്ന നിലപാടിലാണ് ബ്രിട്ടീഷ് സർക്കാർ. നിലവിൽ അതിനെ കുറിച്ച് പുനർവിചന്തനം നടത്തേണ്ട സാഹചര്യമില്ലെന്നും, സർക്കർ ഇപ്പോൾ ശ്രമിക്കുന്നത് കോവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യത്തേയും ജനങ്ങളേയും കരകയറ്റാനാണെന്നും ഒരു സർക്കാർ വക്താവ് അറിയിച്ചു.