കണ്ണൂർ: സംസ്ഥാന ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പെരുമാറുകയാണെന്നും, മുഖ്യമന്ത്രി നിരന്തരം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് 'അഷറഫ് മൗലവി ആരോപിച്ചു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണ്. മുഖ്യമന്ത്രി ഇത്തരം ഗുരുതരമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത് സാമൂഹ്യ ഘടനയെ അപകടപ്പെടുത്തും. മുസ്ലിം തീവ്രവാദമെന്ന നിലയിൽ മൂന്നു പതിറ്റാണ്ടിലധികമായി നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും ഇതുവരെ തെളിയിക്കപ്പെടാത്തതാണ്.

മത തീവ്രവാദം, ഇസ്ലാമിക വത്ക്കരണം തുടങ്ങിയ ആരോപണങ്ങളിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് രാഷ്ട്രീയ നേട്ടമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ, ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാൽ എന്താണ് ചെയ്യുക എന്ന് ചോദിക്കാൻ മാത്രമേ പറ്റൂ. - അഷ്‌റഫ് മൗലവി പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ ഒരു ചെറുപ്പക്കാരനെക്കൊണ്ട് പൊലീസ്, ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തിൽ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. ഇതേക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ആഭ്യന്തര വകുപ്പ് മതേതരമാകണം. സർക്കാർ പോലും മതേതര മല്ലാതായി മാറുന്നു. സംഘ പരിവാർ രാഷ്ട്രീയത്തോട് ഓരം ചേർന്നാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് അപകടകരമായ പ്രവണതയാണ്.- അഷ്‌റഫ് മൗലവി പറഞ്ഞു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം ആർ.എസ്.എസിന് വളരാനുള്ള അവസരം ഒരുക്കുകയാണ്. അർ.എസ്.എസ്.വിളിക്കുന്ന മുദ്രാവാക്യം പൊലീസ് വിളിക്കുന്നുവെന്നത് അതീവ ഗൗരവമേറിയ കാര്യമാണ്. ഇടതുപക്ഷം ധിക്കാരത്തിന്റെ അധികാര കേന്ദ്രമായി മാറുകയാണ്. കെ. റെയിലിൽ നാം കണ്ടത് അതാണ്. തനിക്ക് ശേഷം സംഘപരിവാർ വരട്ടെ എന്ന നിലപാടാണ് പിണറായിക്ക്.

ആർ.എസ്.എസിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുണ്ട്. അതിനാൽ തൂക്കമൊപ്പിക്കാൻ എസ്.ഡി.പി.ഐയെ ഇതിനൊപ്പം ചേർത്ത് പറയുകയാണ്. ആർ.എസ്.എസ് ആഭ്യന്തര വകുപ്പ് എടുത്ത് അമ്മാനമാടുകയാണ്. ആലപ്പുഴ ഷാൻ വധക്കേസിൽ വത്സൻ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം പോലും നിരാകരിച്ചു. ആർ.എസ്.എസുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിലയിലേക്ക് ആഭ്യന്തര വകുപ്പ് തരം താണു. - അഷറഫ് മൗലവി ആരോപിച്ചു.

ആലപ്പുഴയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐയ്ക്ക് പങ്കില്ലെന്നും, ഏത് അന്വേഷണത്തേയും നേരിടാൻ സന്നദ്ധമാണെന്നും അഷറഫ് മൗലവി പറഞ്ഞു. നേതാക്കളായ കെ.കെ.അബ്ദുൽ ജബ്ബാർ, എ.സി. ജലാലുദ്ദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.