ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ രക്തസാക്ഷിത്വത്തിൽ ആഹ്ലാദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തിൽ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

'ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ഞങ്ങളുടെ നേതാവ് ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് വിലാപ യാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തിൽ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്.ഒരിക്കലും ഇതൊരു വിലാപയാത്രയാണെന്ന് മാധ്യമങ്ങൾ പറയരുത്.'-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഐജി ഹർഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവർത്തകരും കസ്റ്റഡിയിലുണ്ട്. എന്നാൽ ഇവരുടെയൊന്നും കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

''അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്.'' നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷമേഖലയിൽ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹർഷിത പറഞ്ഞു.

കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹർഷിത അട്ടല്ലൂരി എന്നിവർ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനിൽകാന്ത് പ്രതികരിച്ചു. സംഭവത്തിൽ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംഘർഷ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ആവശ്യമെങ്കിൽ പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ പരിധി വിടാതിരിക്കാൻ കരുതൽ ഉണ്ടാകും. ഡിജിപിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഒഴിവാക്കാൻ ഇരുവിഭാഗങ്ങൾക്കും നിർദ്ദേശം നൽകാനാണ് പൊലീസ് തീരുമാനം.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാൽപ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികൾ വെട്ടിക്കൊന്നത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വാതിലിൽ മുട്ടിയ അക്രമികൾ വാതിൽ തുറന്നയുടൻ വെട്ടിക്കൊല്ലുകയായിരുന്നു