ന്യൂഡൽഹി:ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരർക്കായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു. ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഭീകര സംഘത്തിന് പാക് കമാൻഡോകളുടെ പരിശീലനം ലഭിച്ചിട്ടുള്ളതായാണ് സൈന്യത്തിന്റെ അനുമാനം.

ആറോ എട്ടോ ഭീകരരടങ്ങിയ സംഘം വൻ ആയുധശേഖരവുമായി മെൻധാർ, ദേര കി ഗലി വന മേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. ഭീകരർക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്തു. സ്വമേധയോ ഭീഷണിക്ക് വഴങ്ങിയോ എന്തെങ്കിലും സഹായം ഇവർ ഭീകരർക്ക് നൽകിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.

ഒക്ടോബർ 11നാണ് പൂഞ്ചിലെ വനമേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്നലെയും ഒരു മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസറടക്കം 9 സൈനികരാണ് ഇവിടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്. അതേസമയം ജമ്മുകശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കിടെ 11 സാധാരണക്കാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ചുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിഭാഗീയത സൃഷ്ടിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ.

സർക്കാർ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരിൽ ഒരു വിഭാഗവും മേഖലയിൽ നിന്ന് മാറുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് കശ്മീർ ഐജിപി വിജയകുമാർ വ്യക്തമാക്കി. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം.