നിക്കറിയാം, ഞാനിനി പറയാൻ പോകുന്നത് വളരെ അൺപോപ്പുലർ ആയ അഭിപ്രായമാകും എന്ന്. എന്നാൽ അല്പ സമയം എങ്കിലും എനിക്ക് ഇതിവിടെ കുറിച്ചിടാതെ വയ്യ. തെറിവിളി കൂമ്പാരമായാൽ ചിലപ്പോൾ ഡിലീറ്റ് ചെയ്‌തേക്കാം. എന്നാലും ഇതിവിടെ എഴുതുകയാണ്.

ലക്ഷംവീട് കോളനിയിൽ രണ്ടു സ്ലോട്ടുകൾ വാങ്ങി അതിലൊന്നിൽ വീടുവച്ചു താമസിച്ചിരുന്ന വസന്ത എന്ന വൃദ്ധയായ സ്ത്രീ. അവർ കോൺഗ്രസുകാരിയോ എന്തോ ആവട്ടെ. (അങ്ങനെയാണ് രഞ്ജിത്ത് എന്ന പയ്യന്റെ മൊഴി) അവർ അല്പം അകലെ താമസിച്ചിരുന്ന മരപ്പണിക്കാരനായ രാജനെതിരെ കേസ് കൊടുക്കുന്നു. ഈർച്ചപ്പൊടിയുടെ ശല്യമാണു കാരണം. ഈ കേസ് നടക്കുമ്പോൾ രാജൻ അതേ വരെ താമസിച്ചിരുന്ന അമ്മയുടെ പേരിലുള്ള വീട്ടിൽ നിന്നിറങ്ങി പരാതിക്കാരിക്കു കൈവശാവകാശമുള്ള ആ രണ്ടാമത്തെ മൂന്നുസെന്റ് പ്ലോട്ടിൽ അതിക്രമിച്ചു കയറി വീട് കെട്ടിപ്പാർക്കുന്നു. പരാതിക്കാരിയെ കൂടുതൽ ശല്യപ്പെടുത്തുക എന്ന ലക്ഷ്യം അയാൾക്കില്ലായിരുന്നു എന്ന് നിഷ്‌കളങ്കമായി വിശ്വസിക്കാം. എന്നാലും പട്ടയം സഹിതം ഹാജരാക്കി കേസ് പറഞ്ഞ് വസന്ത അനുകൂല വിധി നേടുന്നു.

ഈ ഒരു ബാക്ഗ്രൗണ്ടോടു കൂടിയല്ലാതെ ഒരു കൈചൂണ്ടിച്ചിത്രം മാത്രം വച്ച് ആ കേസ് വിചാരണ ചെയ്യുന്നത് ഉചിതമല്ല.

ഈ സംഭവത്തിലെ വസന്തയും രാജനും പട്ടികജാതിക്കാരല്ല. പട്ടികജാതിക്കാരല്ലാത്തവർ ലക്ഷംവീടു കോളനിയിൽ പട്ടികജാതിക്കാർക്ക് പട്ടയം അനുവദിച്ച ഭൂമി വാങ്ങി പാർക്കുന്നത് ശരിയാണോ എന്ന ചോദ്യം ചില സ്വത്വവാദ ഹാന്റിലുകളിൽ കണ്ടു. പട്ടികജാതിക്കാർക്ക് പട്ടയം കിട്ടുന്ന ഭൂമിയിൽ ഒരുകാലത്തും ക്രവിക്രയ അവകാശം കൊടുക്കരുത് എന്നാണ് ആ വാദത്തിന്റെ ക്രക്‌സ്. ശ്ശെടാ, നിങ്ങളല്ലേ നേരത്തെ പറഞ്ഞത്, ലക്ഷം വീടു കോളനികളെന്നാൽ പട്ടികജാതിക്കാരുടെ ഗെറ്റോകളാണെന്ന്... അവിടെ മറ്റുവിഭാഗക്കാർ എത്തിയാൽ ഈ ഗെറ്റോവത്കരണം ഇല്ലാതാവുകയല്ലേ എന്ന ചോദ്യം നമുക്കു തത്ക്കാലം മാറ്റിവയ്ക്കാം.

ഇവിടെ നാട്ടിൻപുറങ്ങളിലെ കുടുംബവഴക്കുകളും ഇച്ചീച്ചിത്തരങ്ങളും പ്രകടമാണ്. രണ്ട് ആൺമക്കളുള്ള രാജന് ഒറ്റയ്ക്കു താമസിക്കുന്ന വസന്തയുടെ മൂന്നുസെന്റിൽ അതിക്രമിച്ചു കയറാൻ കഴിയുന്നത് അവർക്ക് ഒറ്റയ്ക്ക് കായികമായി തന്നെ ഒന്നും ചെയ്യാനാവില്ലെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്. വീടില്ലാത്ത ഒരാൾ പുറമ്പോക്കിൽ ഒരു ഷെഡ്ഡുകെട്ടി താമസിക്കുന്ന തികച്ചും നിവൃത്തിയില്ലാത്ത ഒരവസ്ഥയല്ല, രാജന്റേത്. ഒഴിഞ്ഞുകിടന്ന പ്ലോട്ടിലാണ് തങ്ങൾ വീടുവച്ചത് എന്ന തരം ന്യായീകരണം ഇവർക്കിടയിൽ നേരത്തെ തന്നെയുണ്ടായിരുന്ന അസ്വാരസ്യത്തിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ഒന്നല്ല.

അവിടെ വസന്തയ്ക്ക് അനുകൂലമായുണ്ടായ സിവിൽ കോടതിയുടെ വിധി നടപ്പാക്കാൻ കോടതി നിയോഗിച്ച ഉദ്യോഗസ്ഥനായ ആമീനും അഡ്വക്കേറ്റ് കമ്മിഷണർക്കുമൊപ്പം പോകാൻ പൊലീസിനോട് ആവശ്യപ്പെട്ടാൽ അവർക്കു പോയേ പറ്റൂ. സ്റ്റേ വരുംവരെ കാക്കാം എന്നു പറയുന്നു. ആമീൻ നേരിട്ട് വിധിനടപ്പാക്കാൻ ചെല്ലുന്നിടത്ത് പൊലീസിന് എന്താണ് വേറെ ഓപ്ഷനുള്ളത്? ഇങ്ങനെ ഭൂപ്രശ്‌നം ഉള്ളിടത്ത് പൊലീസ് ചെല്ലാൻ പാടില്ല എന്നാൽ ആർക്കും ആരുടെയും ഭൂമി കൈയേറാം എന്നുകൂടി വരും. ഇവിടെ ഒഴിപ്പിക്കലിന് ഒരു നിയതമായ പ്രോട്ടോക്കോളുണ്ടോ, അതു പാലിച്ചിട്ടുണ്ടോ എന്നു തിരക്കാം. ഇതിനു മുമ്പ് രണ്ടുതവണ ഒഴിപ്പിക്കാൻ ചെന്നപ്പോഴും ഇതേ പോലെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്ന് തിരികെ പോയ കേസിലാണ് പൊലീസ് സഹായം തേടിയത് എന്നും വായിച്ചു. കത്തിക്കാൻ തീയുമായി നിൽക്കുന്ന ആളുടെ കൈയിൽ നിന്നു തീ തട്ടിമാറ്റാൻ ശ്രമിച്ചതാണോ പൊലീസ് ചെയ്ത കുറ്റം?

രണ്ടുപേർ ദാരുണമായി പൊള്ളലേറ്റ് മരിച്ചു എന്നത് അവരുടെ മക്കളെ സംബന്ധിച്ചു നിർവ്വികാരമായി നോക്കിക്കാണാനാവുന്ന കാര്യമാവില്ല. എന്നാൽ സ്വന്തം ഭൂമി വല്ലവരും കൈയേറിയതിനെതിരെ കേസ് കൊടുത്തയാളെ അവിടെ പാർക്കാൻ അനുവദിക്കില്ല എന്ന മട്ടിൽ അയൽപക്കത്തുള്ള മനുഷ്യർ പെരുമാറുന്നുണ്ടെങ്കിൽ അത് പിണറായി വിജയന്റെ പൊലീസിന്റെ പ്രശ്‌നമല്ല. അത് ഭൂമിയില്ലാത്തവരുടെ അതിജീവനവുമല്ല. കൈയൂക്കിന്റെ പ്രകടനമാണ്. തന്റെ ഭൂമി കൈയേറിയവർക്ക് ആ ഭൂമി അങ്ങു കൊടുത്തേക്കു എന്നു പറയുന്നത് ശുദ്ധ തോന്ന്യവാസമാണ്. നാളെ സെക്രട്ടേറിയറ്റ് കൈയേറി ഒരാൾ വീടുവച്ചാൽ അയാൾക്ക് അവിടം വിട്ടുകൊടുക്കേണ്ടതുണ്ടോ?

ഇങ്ങനെ ഒഴിപ്പിക്കാൻ വരുന്നിടത്തെല്ലാം പെട്രോളുമൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒരു തന്ത്രമല്ല. അവർക്ക് വീടുവയ്ക്കാൻ സ്ഥലമില്ലെങ്കിൽ അക്കാര്യം അറിയേണ്ടത് പ്രദേശത്തെ കൗൺസിലറും രാഷ്ട്രീയക്കാരും പഞ്ചായത്ത് അധികൃതരുമൊക്കെയാണ്. അവർ പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിരുന്നോ, ഇടപെട്ടെങ്കിൽ എങ്ങനെ എന്നൊന്നും നമുക്കറിയില്ല. കിടപ്പാടമില്ലാത്തവർക്ക് അതുറപ്പാക്കാൻ വളരെയധികം ദൂരം പോകുന്ന ഒരു സർക്കാർ സംവിധാനം നമുക്കുണ്ട്. ഞാനിത് ഇടതെന്നോ വലതെന്നോ വ്യത്യാസപ്പെടുത്തി പറയുന്നതല്ല. ഇടതായാലും വലതായാലും കേരളത്തിൽ ഇത്തരം ഇടപെടലുകൾ എല്ലാക്കാലത്തും ഏറിയോ കുറഞ്ഞോ ഉണ്ടായിട്ടുണ്ട്. അതിന് ഇവർ ശ്രമിച്ചിരുന്നോ, ശ്രമിച്ചിട്ടു നടക്കാതെ പോയതാണോ, അതിനെന്തെങ്കിലും കാരണമുണ്ടോ, ഇതൊന്നും അന്വേഷിക്കാതെ നിരാലംബരെ തെരുവിലിറക്കിവിട്ടു എന്ന തരത്തിൽ വികാരമുണർത്തുന്നതിനോട് യോജിക്കാനാവുന്നില്ല.

ഭൂമിയുടെ അസന്തുലിതമായ വിതരണം ഒരു പ്രശ്‌നം തന്നെയാണ്. എന്നാൽ ഇനിയൊരു ഭൂപരിഷ്‌കരണം ലോകത്ത് ഒരിടത്തും നടക്കുമെന്ന് എനിക്കൊരു വിശ്വാസവുമില്ല. ആ നിലയ്ക്ക് നിസഹായരായ മനുഷ്യരുടെ ഭൂമി തട്ടിപ്പറിക്കുന്നത് അനുവദിക്കാതെ ഇരിക്കുകയെങ്കിലും വേണം.

ആ കുട്ടികൾക്ക് വീടുവയ്ക്കാൻ സ്ഥലം കൊടുക്കണം. ആവശ്യമെങ്കിൽ വീടുവച്ചുകൊടുക്കണം. എന്നാൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു എന്ന ഒറ്റ പരിഗണനയിൽ അവർക്കു സർക്കാർ ജോലി കൊടുക്കണം എന്നു പറയുന്നത് അത്തരം തീയറ്റ്രിക്കൽ ആയ ആത്മഹത്യാ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. നാളെ ഭൂമിയില്ലാത്ത എനിക്ക് മക്കളെ വളർത്താൻ കഴിയില്ലെങ്കിൽ പൊലീസിനെ വെല്ലുവിളിച്ച് സ്വയം തീകൊളുത്തിയാൽ മതിയാകുമല്ലോ.

തീകൊളുത്തി മരിച്ച രാജന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ബഹളമുണ്ടായപ്പോൾ പൊലീസ് വളരെ മോശമായാണ് പെരുമാറിയത് എന്ന പരാതി ഗൗരവമുള്ളതാണ്. ശവശരീരങ്ങളോട് അവർ എന്തുതന്നെ ചെയ്തവരായാലും ഒരു മിനിമം ബഹുമാനം കൊടുക്കേണ്ടതുണ്ട്. എന്നാൽ മൃതദേഹം ക്രിമേറ്റ് ചെയ്യാൻ തയ്യാറാകാതെ അവിടെ തന്നെ കുഴിച്ചിടാൻ കാട്ടിയ തിണ്ണമിടുക്ക്, ആ കുട്ടികളും വാശിയിൽ തന്നെയാണ് എന്നതിന്റെ ലക്ഷണമാണ്. അതേ സമയം പൊലീസ് ചോദിച്ചതായി പറയുന്ന ചോദ്യം ഇതേവരെ കണ്ട ഒരു വീഡിയോയിലും ഞാൻ ശ്രദ്ധിച്ചില്ല. കാണാതെ പോയതാണോ എന്നറിയില്ല.

പ്രാദേശികമായ വിഷയങ്ങളിൽ ആദ്യമേ പൊലീസല്ല, രാഷ്ട്രീയക്കാരാണ് മുമ്പ് കാര്യമായി ഇടപെട്ടുകൊണ്ടിരുന്നത്. എന്നാലിന്ന് പൊലീസുകാരുടെ മേലെ പ്രാദേശിക രാഷ്ട്രീയക്കാർക്ക് പഴയതുപോലെ ഇടപെടാൻ ആവുന്നില്ല എന്നത് പ്രശ്‌നത്തിന്റെ ഒരു വശമാണ്. ആധുനികമായ ഒരു പൊലീസ് സേനയ്ക്ക് ഇത്തരം ഇടപെടലുകൾ ഒരു ശല്യമായിരിക്കാം. എന്നാൽ ജനാധിപത്യപരമായ ഒരു പൗരസമൂഹത്തിന് അവ ഗുണകരമായിരുന്നു. പല പ്രശ്‌നങ്ങളും പ്രാദേശിക രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യത്തിൽ പരിഹരിക്കപ്പെടുമായിരുന്നു. അത്തരം പരിഹാരമാർഗ്ഗങ്ങൾ ഇനി തേടാനാവാത്തവിധം ഈ വിഷയം വഷളായി എന്നതാണ് ആകെത്തുക.