തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചു. കിഴിവിലം സ്വദേശി അരുൺ ദേവിനാണ് മർദനമേറ്റത്. വാർഡിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

വെള്ളിയാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. മെഡിക്കൽ കോളജിന്റെ പഴയ മോർച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

അരുൺ കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരും അരുണും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം ഉന്തും തള്ളുമായി കലാശിക്കുകയും മർദിക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി അരുണിനെ അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

രോഗിയെ കാണാൻ ഒരാൾക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. പാസുള്ള ഒരാൾക്കൊപ്പം അരുൺ കൂടി കയറാൻ ശ്രമിച്ചെന്നാണ് സെക്യൂരിറ്റി ജീവനക്കാർ വിശദീകരിക്കുന്നത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരേ പരാതികൾ ഉയർന്നിരുന്നു. പാർക്കിങ് നിയന്ത്രണം സംബന്ധിച്ചായിരുന്നു പരാതി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്കാണ്. അവർ നിയമിക്കുന്ന ജോലിക്കാരാണ് സെക്യൂരിറ്റി സ്റ്റാഫ് ആയി എത്തുന്നത്

 

അതേസമയം, മെഡി: കോളേജിലെ സെക്യൂരിറ്റി ഗുണ്ടകളെ പുറത്താക്കുക എന്നാവശ്യപ്പെട്ട് ബിജെപി നാളെ മെഡി.കോളേജ് സൂപ്രണ്ട് ഓഫീസ് മാർച്ച് നടത്തും.