കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും ധൃതിപിടിച്ച് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി ബ്രിട്ടന്ീൽ ദൂരവ്യാപകമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കും എന്നൂള്ള ആശങ്ക വർദ്ധിക്കുകയാണ്. ബ്രിട്ടീഷ് പൗരന്മാർക്കും, എംബസിയിലും മറ്റും ബ്രിട്ടീഷുകാരെ സഹായിച്ചിരുന്ന അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരായ ചില അഫ്ഗാൻ സ്വദേശികളും ഈ വിമാനങ്ങളിൽ കയറിപ്പറ്റുന്നു എന്നതാണ് ആശങ്കയ്ക്ക് ഇടനൽകുന്നത്. ഇവരുടെ പശ്ചാത്തലം പരിശോധിക്കുവാനോ കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനോ കഴിയുന്നുമില്ല.

ഇത്തരത്തിൽ എത്തുന്നതിൽ മതമൗലികവാദികളും ഉൾപ്പെട്ടാൽ അത് ഭാവിയിൽ ഒരുപക്ഷെ വലിയൊരു ക്രമസമാധാന പ്രശ്നമായി തന്നെ മാറിയേക്കം. ഇത്തരത്തിൽ ചിലർ ബ്രിട്ടനിൽ എത്തിയതായി ചില റിപ്പോർട്ടുകൾ കഴിഞ്ഞദിവസം വന്നിരുന്നു. ബ്രിട്ടന്റെ നോ-ഫ്ളൈ ലിസ്റ്റിലുള്ള ഒരു വ്യക്തി രക്ഷാവിമാനമേറി ബ്രിട്ടനിലെത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ വിമാനത്തിൽ കയറ്റിയത് തന്നെ ഒരു വലിയ സുരക്ഷാവീഴ്‌ച്ചയാണ്. വിമാനം പറന്നുയർന്നതിനു ശേഷമാണ് ഈ വ്യക്തി ബ്രിട്ടനിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്ത വ്യക്തിയാണെന്ന കാര്യം വ്യക്തമാകുന്നത്.

തീവ്രവാദി ആക്രമണത്തിന്റെ ഭീതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സൈനികർക്ക് കൂടുതൽ വെല്ലുവിളി ആവുകയാണ് ഇത്തരക്കാരുടെ ബ്രിട്ടനിലേക്ക് കടക്കുവാനുള്ള ശ്രമം. ഇതുപോലെ നോ-ഫ്ളൈ ലിസ്റ്റിലുള്ള മറ്റു നാലുപേർ കൂടി ഇന്നലെ രക്ഷാവിമാനത്തിൽ കയറാൻ എത്തിയെങ്കിലും അവരെ തിരിച്ചറിഞ്ഞ സുരക്ഷാ സൈനികർ അവരെ തടയുകയായിരുന്നു. പരിഭാഷകർ ഉൾപ്പടെ വിവിധരംഗങ്ങളിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആയിരത്തോളം അഫ്ഗാൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നത് ആശയക്കുഴപ്പത്തിലായിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള അനഭിമതർ രക്ഷപ്പെടാൻ ശ്രമിക്കുന്നത്.

ഇനിയും ഒരു 6000 പേരെക്കൂടി അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുവാനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷുകാരെ സഹായിച്ച അഫ്ഗാൻ പൗരന്മാരും ഉൾപ്പെടും. എന്നാൽ ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ അർഹരായ ഏഴായിരത്തോളം പേർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത്, ആയിരത്തോളം പേരുടെ ഭാവി തുലാസ്സിലാടുകയാണെന്നർത്ഥം.

പൊതുതാത്പര്യാർത്ഥം ചില വ്യക്തികൾ ബ്രിട്ടനിലേക്കോ ബ്രിട്ടനിൽ നിന്നും പുറത്തേക്കോ വിമാനയാത്ര ചെയ്യുന്നത് തടങ്ങുകൊണ്ടുള്ള കൗണ്ടർ ടെററിസം ആൻഡ് സെക്യുരിറ്റി ആക്ട് 2015-ൽ ആയിരുന്നു പാസ്സാക്കിയത്. ഇതനുസരിച്ച് ഇവിവ്ധ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളുടെ പേര് ഇങ്ങനെ യാത്ര നിരോധിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികൾക്കൊപ്പം ചില ക്രൂര കുറ്റവാളികളും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അത്തരത്തിൽ ലിസ്റ്റിൽ ഇടം പിടിച്ച ഒരു വ്യക്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ബ്രിട്ടനിൽ എത്തിയിരിക്കുന്നത്. എന്നാൽ, ഇയാൾ എന്തു കാരണത്താലാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ, ഇയാളുടെ പേരോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.