ചെങ്കൽപേട്ട്: റിയാലിറ്റി ഷോയിൽ സങ്കടങ്ങളെല്ലാം ഏറ്റുപറയുക. ചുളുവിൽ പ്രശസ്തയാവുക. പ്രശസ്തിയുടെ മറവിൽ ആൾദൈവമായി മാറുക. സീടിവി തമിഴിലെ ടിവി പരിപാടിയായ 'സൊൽവതെല്ലാം ഉൺമൈ'യിൽ പങ്കെടുത്ത അന്നപൂർണിയാണ് ഒരുനാൾ അവതാരമായി മാറിയത്. ആദിപരാശക്തിയുടെ അവതാരമാണ് താൻ എന്നാണ് അന്നപൂർണി അരശു അമ്മ അവകാശപ്പെടുന്നത്.

വലിയ പീഠത്തിൽ ഇരിക്കുന്ന അന്നപൂർണി അരശു അമ്മയുടെ കാൽക്കൽ വീണ് അനുയായികൾ പൊട്ടിക്കരയുന്നു. 'ദേവി' അനുഗ്രഹം നൽകുന്നു. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. പുതിയ അവതാരത്തെ കാണാൻ ആളുകൾ തിരക്ക് കൂട്ടി.

കുടുംബപ്രശന്ങ്ങൾ കൈകാര്യം ചെയ്യുന്ന പരിപാടിയാണ് സൊൽവതെല്ലാം ഉൺമൈ. ഈ പരിപാടിയിൽ പങ്കെടുത്ത് താരമായത് മുതലെടുത്താണ് ചെങ്കൽപേട്ട് സ്വദേശിനി അന്നപൂർണി പുതിയ 'അവതാരമായി' പ്രത്യക്ഷപ്പെട്ടത്. തമിഴിലെ ഭക്തിഗാനങ്ങൾ എഡിറ്റ് ചെയ്ത്, വരികൾ സ്വന്തം പേരിലാക്കി ഫേസ്‌ബുക്ക് പേജിലും പങ്ക് വച്ചിരുന്നു. ഇത് കാട്ടി നാട്ടുകാരിൽ ചിലർ തന്നെയാണ് അന്നപൂർണിക്കെതിരെ പൊലീസിനെ സമീപിച്ചത് .

തുടർന്നാണ് ചെങ്കൽപേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആൾദൈവം മുങ്ങി. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂർണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമർശനം.

സൊൽവതെല്ലാം റിയാലിറ്റി ഷോയിൽ നിന്ന് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണൻ ഇറങ്ങിപ്പോയതും അടുത്തിടെ വാർത്തയായിരുന്നു, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന സൊൽവതെല്ലാം ഉൺമൈ എന്ന പരിപാടിയിൽ നിന്നാണ് ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയവയിൽ അഭിനയിച്ച ലക്ഷ്മി ഇറങ്ങിപ്പോയത്. വർഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ഇത്തരം പരിപാടികളിൽ മദ്ധ്യസ്ഥത വഹിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി.

ലക്ഷ്മി ഷോയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങൾ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്.

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന പേരിൽ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളെ ചാനലിലൂടെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.