മുംബൈ: മുംബൈ ദാദറിലുള്ള സേനാഭവന് പുറത്തുണ്ടായ ബിജെപി - ശിവസേന സംഘർഷത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇരുപാർട്ടി പ്രവർത്തകർ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സേന പ്രവർത്തകരെ ഗുണ്ടകളെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കൾക്ക് മറുപടിയുമായാണ് സഞ്ജയ് റാവത്ത് രംഗത്ത് വന്നത്. ശിവസേന ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാൻ നിന്നാൽ ഞങ്ങൾ തക്കതായ ഉത്തരം നൽകും. അതിനെ ഗുണ്ടകൾ എന്ന് വിളിച്ചാൽ അതങ്ങിനെ തന്നെയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ഗുണ്ടകളാണെന്നതിന് ഞങ്ങൾക്ക് ആരും സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. ഞങ്ങൾ സർട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു. മറാഠ അഭിമാനത്തിന്റേയും ഹിന്ദുത്വത്തിന്റേയും കാര്യം പറയുമ്പോൾ ഞങ്ങൾ സർട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകൾ തന്നെയാണ്. ഈ സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും പ്രതീകമാണ് പാർട്ടി ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം സേനാഭവന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു വനിതാ പാർട്ടി അംഗത്വത്തിനെതിരെയുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാട്ടി ശിവസേന പ്രവർത്തകരെ ഗുണ്ടകളെന്ന് ബിജെപി നേതാക്കൾ വിളിച്ചിരുന്നു.

പാർട്ടി ഓഫീസ് തകർക്കാൻ ബിജെപി പ്രവർത്തകർ വരുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നെന്ന് ശിവസേന പറഞ്ഞു. അവർ വരുന്നതും കാത്ത് തങ്ങൾ ഇരിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

'എന്തുകൊണ്ടാണ് ബിജെപി ഇത്രയധികം വിഭ്രാന്തി കാണിക്കുന്നത്? സേന എഡിറ്റോറിയൽ എന്താണ് പറഞ്ഞത്? ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടുകയും ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അത്തരക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വ്യക്തത ആവശ്യപ്പെടുന്നത് ഈ രാജ്യത്ത് കുറ്റകരമാണോ? എഡിറ്റോറിയലിൽ ഒരിടത്തും ബിജെപിക്ക് പങ്കുണ്ടെന്ന് പരാമർശിക്കുന്നില്ല. നിങ്ങൾക്ക് വായിക്കാനും എഴുതാനും കഴിയുന്നില്ലേ? ആരോപണങ്ങൾ എന്താണെന്നും ശിവസേന വക്താക്കൾ എന്താണ് പറഞ്ഞതെന്നും ആദ്യം മനസിലാക്കുക. നിങ്ങൾ വിദ്യാസമ്പന്നരാണെങ്കിലും അല്ലെങ്കിലും' സാമ്നയുടെ പത്രാധിപരും കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.