രാജകുമാരി: സേനാപതി സ്വർഗംമേട്ടിൽ അനുമതിയില്ലാതെ പുതുവത്സരാഘോഷത്തിന് സംഘം ചേർന്നവർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. സ്വർഗംമേട്ടിൽ നിശാപാർട്ടി നടന്ന സാഹചര്യത്തിലാണ് ഇത്.

സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉടുമ്പൻചോല പൊലീസ് ചൊവ്വാഴ്ച രാത്രി പത്തരയോടെ സ്ഥലത്ത് പരിശോധന നടത്തിയത്. പരിണാമ ക്യാംപിങ് ഫെസ്റ്റിവൽ എന്ന പേരിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. 7 സ്ത്രീകൾ ഉൾപ്പെടെ 42 പേർ സ്ഥലത്ത് ഉണ്ടായിരുന്നു.

ഇന്നലെ പുലർച്ചെ മൂന്നര വരെ ഉടുമ്പൻചോല സിഐ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല. അതുകൊണ്ടാണ് കോവിഡ് മാനദണ്ഡ ലംഘനത്തിൽ മാത്രം കേസെടുത്തത്. ഉടുമ്പൻചോല തഹസിൽദാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. ഓൺലൈനായാണ് ക്യാംപ് ഫെസ്റ്റിവലിനു വേണ്ടിയുള്ള ടിക്കറ്റ് വിൽപന നടത്തിയത്.

1500 മുതൽ 2500 രൂപ വരെ ടിക്കറ്റ് നിരക്കിലാണ് ആളുകളെ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രക്കിങ്, യോഗ, സംഗീത പരിപാടികൾ എന്നിവയും ക്യാംപിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് എത്തിയവർക്കു താമസിക്കുന്നതിനായി ഇരുപതോളം താൽക്കാലിക ടെൻഡുകളും സ്വർഗംമേട്ടിൽ സ്ഥാപിച്ചിരുന്നു.