ഇടുക്കി: രാജകുമാരി സേനാപതി സ്വർഗം മേട്ടിൽ നടന്നത് സയൻസ് ആർട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ആയിരുന്നെന്ന് സംഘാടകർ. നിശാപാർട്ടി സംഘടിപ്പിച്ചതായും സംഭവത്തിൽ പൊലീസ് കേസെടുത്തതായും മറ്റുമുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സ്വർഗം മേടിലെ സ്ഥലമുടമ എൽദോ പച്ചിലക്കാടൻ സംഭവത്തിൽ വിശദീകരണവുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയത്. തങ്ങൾ നടത്താൻ ഉദ്ദേശിച്ചത് നിശാപ്പാർട്ടി അല്ലെന്നും 10 ദിവസത്തെ സയൻസ് ആർട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ആയിരുന്നു എന്നുമാണ് എൽദോ വിശദീകരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ക്യാംപിനു വരുന്നവരോട് സ്ലീപിങ് ബാഗ്, പ്ലേറ്റ്, ഗ്ലാസ് മുതലായവ കൊണ്ടുവരണമെന്നും മാസ്‌ക് സാനിറ്റൈസർ എന്നിവ ക്യാംപിൽ തന്നെ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ആർട്ട്, മ്യൂസിക് ആസ്ട്രോണമി ക്ലാസ്, ടെലസ്‌കോപ്പ് വഴി ആകാശനിരീക്ഷണം കുട്ടികൾക്കായുള്ള ക്ലാസുകൾ പ്രകൃതി സംരക്ഷണ സന്ദേശം ,യോഗ മെഡിറ്റേഷൻ ട്രക്കിങ് മുതലായവയായിരുന്നു നടത്താനുദ്ദേശിച്ചിരുന്നത്.

ആദ്യ ദിവസം പരിപാടി രാത്രി 10-ന് മുന്നേ അവസാനിപ്പിച്ച് ക്യാംപ് അംഗങ്ങളിൽ പകുതിയിലേറെപ്പേർ ഉറങ്ങാനായി പോയിരുന്നു.ഇതിനുശേഷം ബാക്കിയുള്ളവർ ആഹാരം കഴിക്കുന്നതിനിടയിൽ ഒരു സംഘം പൊലീസുകാർ ക്യാംപിലെത്തി പരിശോധന നടത്തുകയായിരുന്നു. ക്യാംപിൽ കുടുംബമായെത്തിയവരുടെ ബാഗുകളും സ്ത്രീകളുടെ സ്വകാര്യ വസ്തുക്കളും പുരുഷ പൊലീസുകാരാണ് പരിശോധിച്ചത്. എന്നാൽ അവർക്ക് സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പൊലീസുകാർ ക്യാംപിലെ അതിഥികളോട് മോശമായിട്ടാണ് പെരുമാറിയത്.

സ്വന്തം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന യോഗാചാര്യനെ എഴുന്നേൽപ്പിച്ച് രാത്രി 12 മണിക്ക് സൂര്യമസ്‌കാരം ചെയ്യാൻ പറഞ്ഞു. ലഹരി വസ്തുക്കളോ മദ്യമോ ഉപയോഗിച്ച ഒരാൾ പോലും ക്യാംപിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ക്യാംപ് നിർത്തിവെയ്ക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും അറിയിച്ച് അവരിൽ നിന്നും വാക്കിലുള്ള അനുമതി നേടുകയും ,അവരെയും പരിപാടിക്ക് ക്ഷണിക്കുകയും ചെയ്തിരിന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം സംഘാടകർ ക്യാംപ് പിരിച്ചുവിടുകയും അതിഥികളെ മടക്കി അയയ്ക്കുകയും ചെയ്തു.

ക്യാംപ് സംഘടിപ്പിച്ച വകയിൽ നല്ലൊരുതുക മുടക്കായിരുന്നു. ഇത് നടക്കാതെ വന്നതോടെ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതിലുപരിയാണ് തെറ്റായ വാർത്ത പുറത്തുവന്നതിലുള്ള വിഷമം. പ്രകൃതി സംരക്ഷണത്തിനായുള്ള നല്ലൊരു സന്ദേശമാണ് ഈ ക്യാംപിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നും എൽദോ അറിയിച്ചു.

അതേസമയം സ്വർഗ്ഗംമേടിൽ റെയ്ഡിനെത്തിയ പൊലീസ് സംഘത്തിലെ വനിത കോൺസ്റ്റബിളിന്റെയും ഒരു എസ് ഐ യുടെയും പ്രവർത്തികൾ സ്ത്രീത്വത്തിന് തന്നെ അപമാനമുണ്ടാക്കുന്ന തരത്തിലായിരുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന 7 മാസം ഗർഭിണിയായ യുവതിയോട് സ്ത്രീയെന്ന പരിഗണനപോലും നൽകാതെയാണ് പൊലീസ് സംഘത്തിലെ ഏതാനും പേർ പെരുമാറിയത്. ടെന്റുകളിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടികളുടെ പാഡ് ഉൾപ്പെടെയുള്ളവ മുഴുവൻ വലിച്ചുവാരിയിട്ട് പരിശോധിച്ചത് പുരുഷ പൊലീസുകാരാണ്.

ഒരു കൂട്ടം ജേർണലിസം വിദ്യാർത്ഥികളാണ് പരിപാടിയുടെ വാളണ്ടിയർമാരായി ഉണ്ടായിരുന്നത്. ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ലാത്തിക്ക് കുത്തി വിളിച്ചെഴുന്നേൽക്കാൻ ഈ പൊലീസുകാരി ഒരുമ്പെട്ടു. അങ്ങിനെ ചെയ്യല്ലേ അവർ പേടിക്കും എന്നും പറഞ്ഞ് കാലുപിടിച്ചപ്പോഴാണ് അവർ പിന്മാറിയത്. പിന്നെ ശല്യമുണ്ടാക്കിയില്ലെന്നും ക്യാംപിന്റെ സംഘാടകരിൽ ഒരാൾ പറഞ്ഞു.

റെയ്ഡിന് നേതൃത്വം നൽകിയ ഉടുമ്പൻചോല സി ഐയും ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും വളരെ മാന്യമായിട്ടാണ് പെരുമാറിയത്. പൊലീസിന്റെ തിരച്ചിലുമായി പൂർണ്ണമായി സഹകരിക്കുകയും ചെയ്തു. മണിക്കൂറുകൾ ഇവിടെ ചിലവഴിച്ചെങ്കിലും ഇവിടെ നിന്നും ലഹരിവസ്തുക്കൾ പൊലീസിന് കണ്ടെടുക്കാനായില്ല. ലഹരിവസ്തുക്കൾ ആരും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ക്യാപ് പ്രവർത്തനം ആരംഭിച്ചത്. ടെന്റുകൾ സ്ഥാപിച്ചിരുന്നതും സാമാന്യം ദൂരത്തിലാണ്.

ഞങ്ങൾ ഇവിടെ താമസിക്കുന്നതിലായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന് അമർഷം. ഇവിടെ നല്ല സ്‌കൂളില്ലന്നും മുഴുവൻ അസൗകര്യങ്ങളാണെന്നും നിങ്ങൾ നാട്ടിൽപോയി സെറ്റിലാവാനുമായിരുന്നു ഇദ്ദേഹത്തിന്റെ നിർദ്ദേശം. പരിപാടിക്കെത്തിയ യോഗാചാര്യനെക്കൊണ്ട് രാത്രി സൂര്യനമസ്‌കാരം ചെയ്യിച്ചതാണ് ഇവിടെയുണ്ടായിരുന്നവരെ ഏറെ വേദനിപ്പിച്ചത്.പ്രശസ്ത വാനനീരീക്ഷകൻ ചന്ദ്രശേഖർ ആർ അടക്കമുള്ള നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് കൂടിയിരുന്നവരിൽ ഏല്ലാവരും ബഹുമാനിച്ചിരുന്ന യോഗാചാര്യനെ പൊലീസ് ഉദ്യോഗസ്ഥൻ വിരട്ടി പാതിരാത്രിയിൽ സൂര്യനമസ്‌കാരം ചെയ്യിച്ചത്. ബിൻസി കൂട്ടിച്ചേർത്തു.