അമൃത്സർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 'ബഡാ ഭായി' എന്നു വിളിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ വാക്കുകൾ ആയുധമാക്കി ബിജെപി. പഞ്ചാബിൽ തെരഞ്ഞെടുപ്പു അടുത്തിരിക്കുന്ന വേളയിലാണ് സിദ്ധുവിനെതിരെ ബിജെപി വീണ്ടും പാക് ബന്ധം ആയുധമാക്കുന്നത്.

ഇമ്രാൻ ഖാൻ തനിക്ക് ഏറ്റവും മുതിർന്ന സഹോദരനാണെന്ന് പറഞ്ഞതിന് പേരിൽ സിദ്ദുവിനെതിരെ ഉറഞ്ഞു തുള്ളി രംഗത്തുവന്നത് ഗൗതം ഗംഭീർ എംപിയായിരുന്നു. സഹോദരനെ അത്രക്ക് ഇഷ്ടമാണെങ്കിൽ സ്വന്തം മക്കളെ പാക്കിസ്ഥാൻ അതിർത്തിയിലേക്ക് അയക്കാൻ ഗംഭീർ സിദ്ദുവിനെ വെല്ലുവിളിച്ചു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 'മൂത്ത സഹോദരൻ' എന്നു വിളിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെയാണ് രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ എംപി രംഗത്തെത്തിയത്. 'മകനെയോ മകളെയോ അതിർത്തിയിലേക്ക് വിട്. എന്നിട്ട് തീവ്രവാദ രാഷ്ട്രത്തിന്റെ തലവനെ മുതിർന്ന സഹോദരൻ എന്ന് വിളിക്ക്' -ഗംഭീർ പറയുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുംമുൻപ് സിദ്ദുവിന്റെ മക്കളെ അതിർത്തിയിലേക്കു വിടണമെന്നാണ് ഗംഭീർ പ്രതികരിച്ചത്.

പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ 70 വർഷമായി പോരാടുകയാണ്. 'ഭീകരരുടെ രാജ്യത്തിന്റെ' പ്രധാനമന്ത്രിയെ സിദ്ദു മൂത്ത സഹോദരനെന്നു വിളിക്കുന്നതു നാണക്കേടാണെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാനി ഭീകരർ കശ്മീരിൽ നാൽപതിലേറെ സാധാരണക്കാരേയും സൈനികരെയും കൊലപ്പെടുത്തിയത് സിദ്ദുവിന് ഓർമയുണ്ടോയെന്നും ഗംഭീർ ചോദിച്ചു. കർതാർപുർ സിഖ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ച സിദ്ദു ഇമ്രാൻ ഖാനെ 'ബഡാ ഭായ്' എന്ന് വിളിച്ചതിനെതിരെ ബിജെപി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാനിലെ കർതാർപുർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷമാണ് സിദ്ദു പാക്ക് പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത്. 'ഇമ്രാൻ ഖാൻ എന്റെ മൂത്ത സഹോദരനാണ്. ഞാൻ ആദരിക്കപ്പെട്ടു. അദ്ദേഹം ഞങ്ങൾക്കു വളരെയേറെ സ്‌നേഹം നൽകി എന്നാണ് സിദ്ദു പറഞ്ഞത്. പാക് സൈനിക മേധാവി ജനറൽ ബജ്‌വയെ പുകഴ്‌ത്തി സംസാരിച്ചതിനും സിദ്ദു വിവാദത്തിലായിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനിൽ പോയി അവിടുത്തെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച ബിജെപി തങ്ങളെ രാജ്യ സ്‌നേഹം പഠിപ്പിക്കണ്ട എന്നാണ് സിദ്ദുവിനെ പിന്തുണക്കുന്നവരുടെ നിലപാട്.