കോഴിക്കോട്: ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാർട്ട്‌മെന്റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ എല്ലാം ശരിയായി വന്നപ്പോൾ ചില സീനിയർ ഫുട്ബോൾ താരങ്ങൾ വിലങ്ങുതടിയായെന്നും ഫുട്ബോൾ താരം അനസ് എടത്തൊടിക. അതേക്കുറിച്ചുള്ള തെളിവുകൾ അടക്കം മുഴുവൻ വിവരങ്ങൾ കിട്ടുകയാണെങ്കിൽ തീർച്ചയായും അവരുടെ പേര് വെളിപ്പെടുത്തുമെന്നും അനസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

15 വർഷത്തിലേറെ നീണ്ട കരിയറിൽ കേരളത്തിനും ഇന്ത്യൻ ടീമിനായും ബൂട്ടുകെട്ടിയ അനസിന് ഇതുവരെ ഒരു സർക്കാർ ജോലി ലഭിച്ചിട്ടില്ല. സന്തോഷ് ട്രോഫി താരങ്ങൾക്ക് പോലും വിവിധ വകുപ്പുകളിൽ ജോലി ലഭിക്കുമ്പോഴാണ് അനസിനെ പോലൊരു താരം ഇത്തരത്തിൽ അവഗണനയ്ക്ക് ഇരയാകുന്നതെന്നോർക്കണം. ഡിപ്പാർട്ട്മെന്റ് ജോലിക്ക് അപേക്ഷിച്ച ശേഷം താൻ നേരിട്ട അവഗണനകളെ കുറിച്ചാണ് അനസ് തുറന്നു പറഞ്ഞത്.

മുമ്പ് വിവിധ ഡിപ്പാർട്ട്മെന്റ് ജോലികൾക്കായി ശ്രമിച്ചിരുന്നുവെന്നും അതിനായി സ്പോർട്സ് കൗൺസിലിൽ ബന്ധപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചതാണെന്നും പറഞ്ഞ അനസ്, തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി ഇല്ലാതാക്കിയത് ഇത്തരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള സീനിയർ താരങ്ങളാണെന്നും വെളിപ്പെടുത്തി.

'എല്ലാം തുറന്ന് പറയാൻ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ അറിഞ്ഞത് തന്നെയാണ് സത്യമെന്നുള്ള പൂർണ വിവരം കിട്ടിയാൽ അതെല്ലാം തീർച്ചയായും പുറത്തുവിടും. അത് പുറത്തുകൊണ്ടുവന്നാൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. പക്ഷേ, അത് ചെയ്താൽ എനിക്ക് ശേഷം വരുന്ന കളിക്കാർക്ക് ഗുണകരമാകുമെന്നതുകൊണ്ടാണ് അതിന് ശ്രമിക്കുന്നത്. എനിക്കിട്ട് പണി തന്നവർ നമ്മളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നമ്മൾ അവരുടെ കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടൊക്കെയാണ് മടിക്കുന്നത്. ഇത്രയും കാലം നമുക്കുവേണ്ടി കളിച്ച കളിക്കാരാണ്. അവരെ കുറിച്ചുള്ള ഇത്തരം വിവരങ്ങൾ പുറത്തുവരുമ്പോൾ ജനങ്ങൾക്ക് അവരോടുള്ള ബഹുമാനം ഇല്ലാതാകും' - അനസ് പറയുന്നു.

''മുമ്പ് വിവിധ ഡിപ്പാർട്ട്മെന്റ് ജോലികൾക്കായി ഞാൻ ശ്രമിച്ചിരുന്നു. അതിനായി സ്പോർട്സ് കൗൺസിലിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതുമാണ്. എന്നാൽ അക്കാര്യത്തിലെല്ലാം അവഗണന മാത്രമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞങ്ങളുടെ സീനിയർ താരങ്ങളിൽ പലരും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ തലപ്പത്തും മറ്റുമായുണ്ട്. ഒരു കളിക്കാരൻ ഒരു ഡിപ്പാർട്ട്മെന്റ് ജോലിക്കായി അപേക്ഷിക്കുമ്പോൾ ഇത്തരത്തിലുള്ള സീനിയർ താരങ്ങളോട് ചോദിക്കും ഇങ്ങനെ ഒരാൾ അപേക്ഷിച്ചിട്ടുണ്ട് അയാൾ വന്നാൽ അത് ആ ടീമിന് കൂടി ഗുണം ചെയ്യുമോ എന്ന്. എന്നാൽ എന്നെ എടുക്കണ്ട എന്നാണ് പല സീനിയർ ഫുട്ബോൾ താരങ്ങളും പറഞ്ഞതെന്നാണ് ഞാനറിഞ്ഞ വിവരം.

കൃത്യമായ വിവരങ്ങൾ ലഭിക്കാതെ ഇതിനു പിന്നിൽ പ്രവർത്തിച്ചയാളുകളുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കൃത്യമായ തെളിവുകൾ ലഭിക്കുന്ന പക്ഷം ആ ആളുകളുടെ പേരുകൾ ഉറപ്പായും വെളിപ്പെടുത്തും. എന്തൊക്കെയാണെങ്കിലും ഇവരെല്ലാം ഞങ്ങളുടെ സീനിയേഴ്സ് അല്ലേ. ഇത്തരത്തിൽ എന്റെ ജോലിക്ക് തടസം നിന്നവർ അവർ ആരുമാകട്ടെ അവർ എന്റെ കുടുംബത്തെ കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണല്ലോ എനിക്ക് ജോലി നിഷേധിക്കപ്പെട്ടത്. എന്നാൽ അവരുടെ കുടുംബത്തെ കുറിച്ച് ഞാൻ ആലോചിക്കുന്നതുകൊണ്ടാണ് അത്തരക്കാരുടെ പേരുകൾ ഇപ്പോൾ പുറത്തുവിടാത്തത്.''

പരിക്ക് കാരണം രണ്ടു വർഷത്തോളമാണ് കരിയറിൽ അനസിന് ഇടവേളയെടുക്കേണ്ടി വന്നത്. സർജറിക്ക് പിന്നാലെ കോവിഡ് കൂടിയെത്തിയതോടെ ജീവിതം ദുസ്സഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ എടികെയെക്കായി കളിക്കുന്നതിനിടെയാണ് അനസിന് പരിക്കേൽക്കുന്നത്. ഇതോടെ രണ്ടു വർഷം കളത്തിന് പുറത്തായി. ഒടുവിൽ കഴിഞ്ഞ സീസണിൽ ജംഷേദ്പുർ എഫ്സി ടീമിലെടുത്തു. പക്ഷേ പരിക്ക് കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്. അതും ആദ്യ ഇലവനിൽ ഇല്ലാതെ അവസാന 15-20 മിനിറ്റുകൾ മാത്രമാണ് കളത്തിലിറങ്ങാനായത്.

ഫുട്ബോൾ രംഗത്ത് നിന്ന് വിരമിച്ചു കഴിഞ്ഞാൽ പരിശീലകനാകാൻ പലരും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, തനിക്കത് സാധ്യമല്ലെന്ന് ബോധ്യമുണ്ടെന്ന് അനസ് പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്‌മെന്റ് ജോലിയാണ് തന്നെ തേടിയെത്തിയത്. എന്നാൽ പേപ്പർ വർക്കുകൾ ഒരു വിധം ശരിയായി വന്നപ്പോളായിരുന്നു ചിലർ തന്റെ അവസരം നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ വളരെ വൈകി രാജ്യാന്തര ഫുട്ബാളിലേക്ക് വന്നയാളായിട്ടു കൂടി പെട്ടെന്ന് വിരമിക്കേണ്ടി വന്നതിന് പിന്നിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനകം കായികരംഗത്ത് നിന്ന് പല തരത്തിലുള്ള അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും  അഭിമുഖത്തിൽ അനസ് ചൂണ്ടിക്കാട്ടി. നിരവധി ആരാധകർ താരത്തെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഐ.എസ്.എൽ 2021ൽ ജംഷഡ്പൂർ എഫി.സിക്ക് വേണ്ടിയാണ് അനസ് ജേഴ്‌സിയണിഞ്ഞത്. സാധ്യമെങ്കിൽ ഒരു തവണ കൂടി ബൂട്ട് കെട്ടണമെന്ന് ആഗ്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.