ന്യൂഡൽഹി: കർത്താപൂർ ഗുരുദ്വാര ദർബാർ സാഹിബിന് മുന്നിൽ ശിരോവസ്ത്രമണിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത പാക്കിസ്ഥാനി മോഡൽ വിവാദത്തിൽ.

പാക്കിസ്ഥാനിൽ 'മന്നത്ത്' എന്ന ഓൺലൈൻ വസ്ത്രവ്യാപാര കേന്ദ്രം നടത്തുന്ന സ്ത്രീയാണ് ഗുരുദ്വാരയ്ക്ക് മുന്നിൽ തിരിഞ്ഞ് നിന്ന് ഫോട്ടെയെടുത്തതിനെ തുടർന്ന് വിവാദത്തിലായത്. ഇവരുടെ ഫോട്ടോഷൂട്ട് സിഖ്മതവികാരം വ്രണപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം.

ഗുരുദ്വാരയിൽ നിന്ന് കൊണ്ട് ചിലർ ടിക് ടോക്ക് വീഡിയോകൾ ചിത്രീകരിച്ചതിനെ തുടർന്ന് സിഖ് പ്രതിനിധി സംഘമായ ശിരോമണി ഗുരുദ്വാര പ്രഭാന്ധക് കമ്മിറ്റി ഗുരുദ്വാര കോപ്ലക്സിനുള്ളിൽ വിനോദ വീഡിയോകൾ ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചിരുന്നു.

പാക്കിസ്ഥാൻ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ചെയർമാൻ ഡോ. അമർ അഹമ്മദുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് പരംജിത് സിങ് സർണ പറഞ്ഞു.

സിഖ് മതസ്ഥാപനങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഉറുദുവിൽ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ പൗരന്മാർക്ക് നൽകണമെന്ന് അദ്ദേഹം പാക്കിസ്ഥാൻ അധികൃതരോട് ആവശ്യപ്പെട്ടു. മതപരമായ ഒരു സ്ഥലത്തെ വാണിജ്യവൽക്കരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിഖ് നേതാവായ കിരഞ്ജോത് കൗർ പറഞ്ഞു.