മുംബൈ: ദിവസങ്ങൾക്ക് ശേഷം ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഇന്ന് സെൻസെക്‌സ് 394 പോയന്റ് താഴ്ന്ന് 38,220.39ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11,312.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനുട്‌സിൽ സമ്പദ്ഘടന ഉടനെയൊന്നും ശക്തിപ്പെടില്ലെന്ന പരമാർശത്തെതുടർന്ന് ആഗോള വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലുമുണ്ടായത്.

ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, യുപിഎൽ, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

എൻടിപിസി, ഒഎൻജിസി, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഐഒസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.87ശതമാനവും 0.72ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ബിഎസ്ഇ പവർ, യൂട്ടിലിറ്റീസ് എന്നിവ നാലുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.