തിരുവനന്തപുരം: സീരിയലുകൾക്ക് നിലവാരതകർച്ചയുള്ളതിനാൽ ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിൽ മികച്ച സീരിയൽ വിഭാഗത്തിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സീരിയൽ മേഖല. സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ജൂറി പരാമർശത്തിനെതിരെയും സീരിയൽ രംഗത്ത് നിന്ന് പ്രതിഷേധങ്ങളുയർന്നു.

നടൻ ഹരീഷ് പേരടിയാണ് ആദ്യം പ്രതികരണവുമായി രംഗത്ത് വന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മലയാളത്തിലിറങ്ങുന്ന സിനിമകൾക്കും പുസ്തകങ്ങൾക്കും കുറൊസാവയുടെയോ പൗലോ കൊയ്‌ലോയുടെയോ സൃഷ്ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാർഡുകൾ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകൾ കണ്ടു കൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്. ജൂറിമാരുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഹരീഷ് ചോദിച്ചു. നിങ്ങളുടെ മുന്നിൽ വന്ന സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. പറഞ്ഞ പണിയെടുത്താൽ പോരെ എന്നും ഹരീഷ് ചോദിക്കുന്നു.

നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കുമൊക്കെ ഭയങ്കര നിലവാരമാണോ എന്നും ഹരീഷ് പോസ്റ്റിലൂടെ ചോദിച്ചു. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ, കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ എന്നൊന്നും നോക്കിയിട്ടല്ലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്. പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പിടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല.- നീണ്ടുപോകുന്നു ഹരീഷ് പേരടിയുടെ പരിഹാസം.

അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണർക്ക്, പുച്ഛമായ- എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണരായ സീരിയൽ കലാകാരന്മാരെ വിലയിരുത്താൻ ഒരു യോഗ്യതയുമില്ല. എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്. ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്. സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ. അത്രയേയുള്ളൂ- ഹരീഷ് പേരടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ജൂറി പരാമർശം ബാലിശം: സീമാ ജി നായർ

സമൂഹത്തിൽ നടക്കുന്നതല്ലാത്ത എന്ത് കാര്യമാണ് നിങ്ങൾ സീരിയലിൽ മാത്രമായി കണ്ടതെന്ന് നടി സീമാ ജി നായർ ചോദിച്ചു. ഏതെങ്കിലും സീരിയൽ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ടോ? ഒരു കഥയാകുമ്പോൾ അതിൽ നെഗറ്റീവുമുണ്ടാകും പോസിറ്റീവും ഉണ്ടാകും. വില്ലത്തി ഉണ്ടെങ്കിലല്ലെ നായികയ്ക്ക് പ്രസക്തി ഉള്ളു. പക്ഷെ ഇതൊക്കെകൊണ്ട് സീരിയൽ മുഴുവൻ നെഗറ്റീവ് ആണ്, അവാർഡ് കൊടുക്കാൻ പറ്റില്ല എന്നൊക്കെയുള്ള വാദങ്ങൾ എത്ര ബാലിശമാണ്. അങ്ങനെയെങ്കിൽ ഇതൊന്നും സിനിമയിലും പാടില്ല. നന്മയുടെ കഥകൾ മാത്രമേ സിനിമയിലും കാണിക്കാൻ പാടുള്ളു എന്നും പറയണം. എന്തുപറഞ്ഞാലും സീരിയൽ മോശം എന്ന് പറയുന്നതിനോട് എനിക്കൊരിക്കലും യോജിക്കാൻ പറ്റില്ല. ഇതൊക്കെ ജൂറിമാരുടെ ആ സമയത്തെ മാനസികാവസ്ഥയിൽ തോന്നുന്ന ഓരോ അഭിപ്രായങ്ങളായി മാത്രമേ കാണാൻ കഴിയൂ. ഇത്രയും കാലം ഒരു ജൂറിക്കും തോന്നാത്ത എന്ത് നിലവാരത്തകർച്ചയാണ് പെട്ടെന്ന് സീരിയൽരംഗത്തിന് വന്നതെന്ന് അറിയില്ലെന്നും സീമാ ജി നായർ പറഞ്ഞു.

നിലവിലെ നിയമങ്ങൾ മാറണം: സംവിധായകൻ ആദിത്യൻ

സീരിയലുകളെ വിലയിരുത്താൻ നിലവിലത്തെ രീതി കുറ്റമറ്റതാണെന്ന് പറയാൻ കഴിയില്ലെന്ന് സാന്ത്വനം, വാനമ്പാടി തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളുടെ സംവിധായകൻ ആദിത്യൻ പറഞ്ഞു. ജൂറിക്ക് മുന്നിൽ വന്ന വിരലിലെണ്ണാവുന്ന സീരിയലുകൾ മാത്രം വിലയിരുത്തിയാണ് ജൂറി ഇത്തരമൊരു അഭിപ്രായത്തിലേക്ക് വന്നത്. ഇതിലെ ചില നിയമങ്ങൾ കാരണം എല്ലാ സീരിയലുകളും അവാർഡിനായി അയയ്ക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം ആരംഭിച്ചിട്ടുള്ളതും ഇതിനുള്ളിൽ അവസാനിച്ചതുമായിരിക്കണം അയയ്ക്കുന്ന സീരിയലുകൾ. അതുകൊണ്ടുതന്നെ മെഗാ സീരിയലുകൾക്കൊന്നും അവാർഡിനായി അയയ്ക്കുകയെന്നത് അസാധ്യമാണ്. ഹിറ്റ് പരമ്പരകളൊക്കെ അവസാനിക്കാൻ മൂന്നുംനാലും വർഷമൊക്കെ എടുക്കും. അതുകൊണ്ട് അവർക്ക് അവാർഡിനായി അയയ്ക്കാൻ കഴിയില്ല. എല്ലാ പരമ്പരകളും 100 എപ്പിസോഡുകൾക്കുള്ളിൽ അവസാനിപ്പിക്കുന്ന അമൃതാ ടിവി പോലുള്ള ചാനലുകളിലെ സീരിയലുകളും അല്ലെങ്കിൽ റേറ്റിങ് ഇല്ലാതെ നിന്നുപോകുന്ന സീരിയലുകൾക്കുമൊക്കെയാണ് അവാർഡിന് അപേക്ഷിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് ജൂറിക്ക് മുന്നിൽ ഏതാനും സീരിയലുകളുടെ ഏതാനും എപ്പിസോഡുകൾ മാത്രം എത്തിയത്. അത് കണ്ടിട്ട് സീരിയലുകൾ മോശമാണെന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. പണ്ട്കാലത്ത് മനോരമ വാരികയിലേയും മംഗളം വാരികയിലേയും നോവലുകൾ വായിച്ച് ആസ്വദിച്ചിരുന്നവരാണ് ഇപ്പോൾ സീരിയലുകളുടെ പ്രേക്ഷകർ. അവരുടെ മുന്നിൽ ഖസാക്കിന്റെ ഇതിഹാസം കൊടുത്താൽ അവരത് വായിക്കില്ല. അതുകൊണ്ട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിലവാരം ഈ നോവലുകൾക്കില്ല എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ചുരുക്കം സീരിയലുകൾ കണ്ട് മുഴുവൻ സീരിയലുകളേയും വിലയിരുത്തരുത്: സാജൻ സൂര്യ

ഏതാനും സീരിയലുകൾ മാത്രം കണ്ടിട്ട് മലയാളത്തിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു സീരിയൽ താരം സാജൻ സൂര്യയുടെ അഭിപ്രായം. ജൂറിയുടെ മുന്നിൽ വന്നത് അവാർഡിന് അപേക്ഷിച്ച വിരലിലെണ്ണാവുന്ന സീരിയലുകൾ മാത്രമാണ്. മലയാളത്തിലെ പ്രധാനപ്പെട്ട ചാനലുകളിലെ പ്രധാനപ്പെട്ട സീരിയലുകളൊന്നും അവാർഡിന് അപേക്ഷിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ മുപ്പത്തിയഞ്ചോളം സീരിയലുകൾ ഇവിടെ നടക്കുന്നുണ്ട്. അതിൽ ആറോ ഏഴോ സീരിയലുകൾ മാത്രമായിരിക്കും അവർ കണ്ടിരിക്കുക. അതുകണ്ടിട്ട് സീരിയലുകൾക്കൊന്നും നിലവാരമില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. ഇവിടെ ഇറങ്ങുന്നതിൽ ഭൂരിഭാഗവും മറ്റ് ഭാഷകളിലെ സൂപ്പർഹിറ്റ് സീരിയലുകളുടെ റീമേക്കുകളാണ്. മലയാളത്തിലെ സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞാൽ ഇന്ത്യയിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയേണ്ടി വരുമെന്നും സാജൻ സൂര്യ പറഞ്ഞു.

സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്ത്: തിരക്കഥാകൃത്ത് അനിൽ ബാസ്‌

സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്താണെന്നാണ് തിരക്കഥാകൃത്ത് അനിൽ ബാസിന്റെ ചോദ്യം. ടെലിവിഷൻ വിനോദ പരിപാടികളിൽ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകൾക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞു.

'നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവർ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുൻപ് സീരിയലിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. അവർ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? ജൂറി അംഗങ്ങൾ മോശം എന്ന അർഥത്തിലല്ല അവരുടെ നിലവാരം പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞത്. അവർ സിനിമയിലോ എഴുത്തിലോ വലിയ ആളുകൾ ആയിരിക്കും. പക്ഷേ സീരിയലിനെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് അവർ കളിയാക്കിയതല്ലേ? സീരിയൽ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അവ ജനപ്രിയമാണ്. ടെലിവിഷനിലെ വിനോദപരിപാടികളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് ഇതാണ്. പ്രത്യേകിച്ച് മെഗാ സീരിയൽ. ഏറ്റവും കൂടുതൽ വീട്ടമ്മമാരാണ് സീരിയൽ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവർ പറഞ്ഞതിന്റെ അർഥം? അതായത് സീരിയലുകൾ കാണുന്ന ആളുകൾക്കൊന്നും നിലവാരമില്ലെന്ന്. പക്ഷേ അവർക്ക് ഒരു കാര്യം ചെയ്യാമായിരുന്നു, ഉള്ളതിൽ കൊള്ളാവുന്നത് എന്ന നിലയിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. അത് അവർ ചെയ്തില്ല', അനിൽ ബാസ് പറയുന്നു.

സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനത്തിൽ അനിൽ ബാസിന്റെ പ്രതികരണം ഇങ്ങനെ- 'കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പെടുന്ന ഒന്നല്ലേ? തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ, സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു തെമ്മാടിയെ നമുക്ക് ആവിഷ്‌കരിക്കണമെങ്കിൽ, അത്തരം സീക്വൻസുകളും ഉൾപ്പെടുത്തിയേ പറ്റൂ. അല്ലാതെ അയാളെ പുണ്യാളനായി അവതരിപ്പിക്കാൻ പറ്റുമോ? രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമൊക്കെ നല്ലവരായും മോശക്കാരായും ചിത്രീകരിക്കാറില്ലേ? അതിനൊന്നും പരിധി നിശ്ചയിക്കാൻ പാടില്ല'. ഇപ്പോൾ സീരിയലിനെ വിമർശിക്കുന്ന പല വലിയ എഴുത്തുകാരുടെയും രചനകൾ മുൻപ് സീരിയലുകളായി വന്നിട്ടുണ്ടെന്നും അനിൽ ബാസ് ചൂണ്ടിക്കാട്ടുന്നു. 'വലിയ എഴഉത്തുകാരുടെ എത്രയോ കഥകളും നോവലുകളുമൊക്കെ സീരിയലുകളായി വന്നിട്ടുണ്ട്. സീരിയൽ മേഖലയോട് ഉള്ളിൽ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള കമന്റ് ആണ് ജൂറി പറഞ്ഞത്. മുന്നിലെത്തിയതിൽ കൊള്ളാവുന്നത് ഏതാണെന്നു കണ്ടെത്തലാണ് ഒരു അവാർഡ് ജൂറിയുടെ ജോലി. കലാകാരന്മാർക്ക് ചേർന്ന അഭിപ്രായമേയല്ല ജൂറി പറഞ്ഞത്', അനിൽ ബാസ് പറയുന്നു.