പുണെ: റഷ്യയുടെ കോവിഡ്19 വാക്‌സീൻ സ്ഫുട്‌നിക് V ഇന്ത്യയിൽ നിർമ്മിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി. നോവാവാക്‌സ് വാക്‌സീന്റെ ഉത്പാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നുണ്ട്.

സ്ഫുട്‌നിക് V വാക്‌സീന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പുണെ കേന്ദ്രീകരിച്ചുള്ള വാക്‌സീൻ നിർമ്മാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു. ഡോ. റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്‌നിക് V നിർമ്മിക്കാൻ അനുമതിയുള്ളത്.

ജൂൺ മാസത്തിൽ 10 കോടി കോവിഷീൽഡ് വാക്‌സീൻ നിർമ്മിക്കാനും വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.

ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്‌നിക് V വാക്‌സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.