കൊച്ചി: നൂറു കണക്കിന് കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ആലുവ തോട്ടുംമുഖത്തെ ശ്രീനാരായണഗിരിയിലെ ശ്രീനാരായണ സേവികാ സമാജം അവരുടെ വീടായിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. കൃത്യമായിപ്പറഞ്ഞാൽ സഹോദരൻ അയ്യപ്പന്റെ പത്‌നി പാർവതി അയ്യപ്പന്റെ നേതൃത്വത്തിൽ 1966 ജൂണിലാണ് സമാജം പ്രവർത്തനമാരംഭിക്കുന്നത്. അശരണരുടെ ആലയമാണ് ആ കുന്നിന്മുകൾ എങ്കിലും സുമനസ്സുകളുടെ സംഭാവനകൾക്കൊപ്പം കുട്ടികളും പ്രായം ചെന്നവരുമുൾപ്പെട്ട അന്തേവാസികൾ വിവിധ ജോലികൾ ചെയ്തുണ്ടാക്കുന്ന വരുമാനം കൂടി ഉപയോഗിച്ചാണ് സമാജം മുന്നോട്ടുപോകുന്നത്. അശരണരായിക്കുമ്പോഴും സ്വന്തം കാലിൽ നിൽക്കുന്നു എന്ന അഭിമാനം സ്വന്തമായുള്ളവർ.

സമാജത്തിന്റെ ഭാഗമായ ആനന്ദഭവനത്തിൽ ഇപ്പോൾ 94 കുട്ടികളുണ്ട്, ശാന്തിമന്ദിരത്തിൽ 21 അംഗങ്ങളും. ഇതു കൂടാതെ വിശ്രമസദനം ഓൾഡ് ഏജ് ഹോമിൽ 55 അന്തേവാസികളുമുണ്ട്. എന്നാൽ ഇതോടനുബന്ധിച്ചുള്ള ഉൽപ്പാദനകേന്ദ്രങ്ങളാണ് സേവികാസമാജത്തെ വ്യത്യസ്തമാക്കുന്നത്. തയ്യൽകേന്ദ്രം, പ്രിന്റിങ് പ്രസ്, കറിപ്പൊടി യൂണിറ്റ്, ബേക്കറി, ചെറിയ ഷോപ്പിങ് സെന്റർ, ഡെയറി ഫാം, കൃഷി എന്നിവ കൂടി ഉൾപ്പെട്ടതാണ് സമാജത്തിന്റെ പ്രവർത്തനം. ഇതിനു പുറമെ എൽപി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ക്രെഷെയുമുണ്ട്.

സമാജത്തിലെ ബേക്കറിയിലുണ്ടാക്കുന്ന കേക്കുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചി നഗരത്തിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സിനിമാതാരങ്ങൾ ഉൾപ്പെട്ട വ്യക്തികൾക്കുമെല്ലാം പ്രിയപ്പെട്ടതാണ്. ഇങ്ങനെ ഒരു സാമൂഹ്യസേവനകേന്ദ്രത്തിൽ നിർമ്മിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല സേവികയുടെ കേക്കുൾക്ക് സ്വാദേറ്റുന്നത്. കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും അവിശ്വനീയമാം വിധം താങ്ങാവുന്ന വിലകളിലാണ് എന്നുമെന്നതുപോലെ സേവികയുടെ കേക്കുകൾ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. 800 ഗ്രാമിന് 280 രൂപയും 400 ഗ്രാമിന് 140 രൂപയും മാത്രമാണ് സേവികാ കേക്കുകളുടെ വില.

കൊച്ചി നഗരത്തിലെ രവിപുരം തനിഷ്‌ക് ഷോറൂമിന് എതിർവശത്തുള്ള മിലാനോ ഐസ്‌ക്രീം ഷോപ്പിലും സേവികയുടെ കേക്കുകൾ ലഭ്യമാണ്. നഗരപരിധിക്കുള്ളിലെ ബൾക് ഓർഡറുകൾ ഡെലിവറി ചെയ്യാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 22-ന് കേരള ഹൈക്കോടതിയിലെ ചേംബർ ബിൽഡിംഗിലും സേവികയുടെ കേക്കുകൾ ലഭ്യമാകും.