പാലക്കാട്: വെഞ്ഞാറുംമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്റെ കോലം കത്തിക്കുകയും ചെയ്തതിന് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് നേതാവിന്റെ വധഭീഷണി. പാലക്കാട് നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ സുഭാഷ് യാക്കരയാണ് എസ്എഫ്ഐ പ്രവർത്തകൻ അബിൻ യാക്കരയുടെയും ഗൗതമിന്റെയും വീട്ടിലെത്തി ഭീഷണി മുഴക്കിയത്.

യാക്കരയിൽ നിന്നും താമസം മാറിപോകുന്നതാണ് കുടുംബത്തിന് നല്ലതൊന്നും അല്ലായെങ്കിൽ ടിപ്പർ കയറ്റിക്കൊല്ലുമെന്നുമാണ് സുഭാഷും കൂടെയുണ്ടായിരുന്നു മൂന്ന് പേരും വീട്ടിലെത്തി ഭീഷണിമുഴക്കിയതെന്ന് അബിൻ പറയുന്നു. അബിൻ വീട്ടിലില്ലാത്ത സമയത്താണ് കോൺഗ്രസ് നേതാക്കൾ എത്തിയത്. അബിൻ വീട്ടിലിലെന്ന് അറിയിച്ചിട്ടും അവർ ഭീഷണി തുടർന്നു. ഇവിടെ നിന്നും താമസംമാറുന്നതാണ് നല്ലതെന്നും മകനെ ടിപ്പർ കയറ്റിക്കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ അബിനിന്റെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രിയിലാണ് സംഭവം.

പാലക്കാട് നഗരസഭ 29ാം വാർഡ് മുരിക്കാവിലെ കൗൺസിലറാണ് സുഭാഷ്. എസ്എഫ്ഐ പാലക്കാട് ഏരിയ പ്രസിഡണ്ടും പാലക്കാട് ജില്ല കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക കമ്മറ്റി അംഗവുമാണ് അബിൻ യാക്കര. ഡിവൈഎഫ്ഐ കണ്ണിയാപുരം യൂണിറ്റ് പ്രസിഡണ്ട് ഗൗതിമിന്റെ വീട്ടിലും സുഭാഷിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളെത്തി ഭീഷണി മുഴക്കിയിരുന്നു. സുഭാഷിനൊപ്പം കോൺഗ്രസ് പ്രവർത്തകരായ ടിഎംടി രാജൻ, ഹരി, ശുദ്ധൻ എന്നിവരുമുണ്ടായിരുന്നു. യാക്കരയിൽ നിന്ന് താമസം മാറിപ്പോകണമെന്നും അല്ലെങ്കിൽ മാറ്റാൻ ഞങ്ങൾക്കറിയാമെന്നും ഇവർ ഭീഷണിപ്പെടുത്തി.

വെഞ്ഞാറുംമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് സംസ്ഥാനത്താകെ ഇടതു സംഘനടകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്റെ കോലം കത്തിക്കലുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി യാക്കരയിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത് അബിനും ഗൗതുമമായിരുന്നു. ഇക്കാരണത്താണ് സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഭം വീട്ടിലെത്തി ഭീഷണിമുഴക്കിയിരിക്കുന്നതെന്ന് അബിൻയാക്കര പറഞ്ഞു.