കോഴിക്കോട്: കോവിഡ് കാലത്ത് കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വിദ്യാർത്ഥി സംഘടനയ്ക്കുള്ള അവാർഡ് എസ്എഫ്‌ഐക്ക്. കോവിഡ് രണ്ടാം തരംഗത്തിൽ രക്തബാങ്കുകളിൽ ഉണ്ടായ രക്തക്ഷാമം പരിഹരിക്കാൻ തുടർച്ചയായ ദിവസങ്ങളിൽ രക്തം ദാനം നടത്തിയത്തിനുള്ള കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെ സാക്ഷ്യപത്രം ബ്ലഡ് ബാങ്ക് ഡിപ്പാർട്‌മെന്റ് ഹെഡ് ഡോ: ശശികലയിൽ നിന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ടി അതുൽ ഏറ്റുവാങ്ങി.

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലും എസ്എഫ്‌ഐ മുടങ്ങാതെ രക്തദാനം തുടർന്നിരുന്നു. ദിവസവും ഓരോ ഏരിയകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് രക്തദാനം ചെയ്തത്. മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു.ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് ആണ് അവർഡ് ഏറ്റുവാങ്ങിയത്.

2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡിവൈഎഫ്‌ഐ വളണ്ടിയർമാർ എല്ലാ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തദാനം ചെയ്തുവരുന്നു. കോവിഡ് വ്യാപനം ഉണ്ടായ ഘട്ടത്തിൽ ഒരു ദിവസം പോലും രക്ത ദാനം മുടങ്ങാതെ ജില്ലയിലെ മറ്റു ബ്ലഡ് ബാങ്കുകൾക്കും ഡിവൈഎഫ്‌ഐ രക്തദാനം ചെയ്തിരുന്നു. നിപ്പ വൈറസ് ബാധ ഉണ്ടായ ഘട്ടത്തിൽ ദാതാക്കൾ മടിച്ചുനിന്ന ഘട്ടത്തിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ത ദാനത്തിന് മുന്നിട്ടിറങ്ങിയിരുന്നു.