തിരുവനന്തപുരം: റോഡ് ഉപരോധത്തിന് എതിരെ ജോജു ജോർജ്ജ് പ്രതികരിച്ചതിലുള്ള കോൺഗ്രസിന്റെ വിമർശനങ്ങളെ പരിഹസിച്ചു കൊണ്ട് ഷാഫി പറമ്പിലിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ കുത്തിപൊക്കി സോഷ്യൽ മീഡിയ. സോളാർ വിവാദം കത്തി നിൽക്കുന്ന് സമയത്ത് എൽഡിഎഫ് നടത്തിയ സമരത്തിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കിയ സന്ധ്യയെ അഭിനന്ദിച്ചു കൊണ്ട് അന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'1 ലൈക്ക്= 1സല്യൂട്ട് പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ എതിർത്ത സഹോദരിക്ക് അഭിനന്ദനങ്ങൾ' എന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ പെയ്യിക്കുന്നത്.

ഇന്ന് നടന്ന സമരത്തെ ന്യായീകരിച്ച് കൊണ്ടും ജോജുവിനെ വിമർശിച്ചു കൊണ്ടും കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും പോസ്റ്റുകൾ വന്നിരുന്നു. ഈ പോസ്റ്റുകളുടെ കമ്മന്റ് ബോക്സിലാണ് ഷാഫിയുടെ പഴയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ ട്രോളുകളായി നിറയുന്നത്.

അതേ സമയം, രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസ് പ്രവർത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി അല്ല ഇറങ്ങിയതെന്നും ജോജു ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഒരു സമരം സിപിഐഎം നടത്തിയാലും പറയേണ്ടെ എന്നും അദ്ദേഹം ചോദിച്ചു.

എന്റെ പ്രതിഷേധം റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളിച്ചത് കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവിടെ കൂടിയവർക്ക് എതിരെ മാത്രമാണ് ഞാൻ സംസാരിച്ചത്. ഇത് ഒരു തരത്തിലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ടതില്ലെന്നും ജോജു പറഞ്ഞു.