പാലക്കാട്: സിപിഐഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ ആണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന അർജ്ജുൻ ആയങ്കിയുടെ അടക്കം പങ്ക് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി എംഎൽഎ രംഗത്തെത്തിയത്.സ്വർണ്ണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഎമ്മിലാണെന്നും സിപിഎം മാഫിയ പ്രവർത്തകരെ സംഘടന വൽക്കരിച്ചിരിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

'പാർട്ടിയിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡിവൈഎഫ്‌ഐക്കും, എസ്എഫ്‌ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാർ. ഇവർ പിടിക്കപ്പെടുമ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്റെ വാഴ്‌ത്തു പാട്ടുകളാണ് ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ. ഇവർ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ വരെ പുറത്ത് വന്നിരിക്കുകയാണ്'.

ചിത്രങ്ങളിൽ മാത്രമല്ല അവർ ഇടപെട്ട കേസുകളിൽ നിന്നും പാർട്ടിയുമായുള്ള ബന്ധം വ്യക്തമാണ്. സിപിഐഎം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.