പാലക്കാട്: ത​ദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺ​ഗ്രസ് പാർട്ടിയിൽ നടക്കുന്ന വിഴുപ്പലക്കലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ. സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം കോൺഗ്രസ് നേതാക്കൾ തകർക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

പ്രവർത്തകരുടെ ആത്മവീര്യം തകർക്കാതെ മുന്നോട്ട് നയിക്കാൻ നേതൃത്വത്തിന് കഴിയണം. ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ല. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം എന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പരസ്പരം വിമർശിക്കുകയല്ല വേണ്ടത്. ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിലെ തോൽവിയിൽ തനിക്കും ഉത്തരവാദിത്തമുണ്ട് -ഷാഫി പറമ്പിൽ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വത്തിനെതിരായുള്ള പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കെപിസിസി ആസ്ഥാനത്ത് കെ.സുധാകരനെ കോൺഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടും ഫ്ളക്സുകൾ ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റൻ ഫ്ളക്സ് ഉയർന്നിരിക്കുന്നത്. "ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോൺഗ്രസിനെ രക്ഷിക്കൂ," എന്നെഴുതിയ ഫ്ളക്സാണ് കെപിസിസി ആസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന് ഊർജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോൺഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താനായിരുന്നു കോൺഗ്രസ് പ്രസിഡന്റെങ്കിൽ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരൻ എംപി പറഞ്ഞിരുന്നു. എൽ.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗർബല്യമുണ്ട്. കേരളത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.