പാലക്കാട്: കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്റെ പേരിൽ രമേശ് പിഷാരടിയ്‌ക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പിഷാരടിക്ക് പിന്തുണയുമായി രാഷ്ട്രീയരംഗത്തും സിനിമാമേഖലയിലുമുള്ള നിരവധിപേർ എത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഒപ്പം നിന്നതിന് പിഷാരടിക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ. രമേഷ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം സ്ഥാനാർത്ഥികൾ തോറ്റെന്ന പ്രചാരണത്തിന് മറുപടി കൂടിയായാണ് ഷാഫിയുടെ പോസ്റ്റിനെ പ്രവർത്തകർ കാണുന്നത്.

തന്നോടൊപ്പമുള്ള പിഷാരടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഷാഫി പറമ്പിൽ എംഎൽഎ നന്ദി രേഖപ്പെടുത്തിയത്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറമ്പിൽ പറയുന്നു.

സിനിമാതാരം സുധീഷ് സുബിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലുമൊക്കെ പിഷാരടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ഷാഫി പറമ്പിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

നന്ദി പിഷാരടി

ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.