പാലക്കാട്: വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ മെട്രോമാൻ ഇ ശ്രീധരനെ തോൽപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്. പാലക്കാട് മണ്ഡലത്തിൽ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നായിരുന്നു മെട്രോമാൻ ശ്രീധരൻ അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഇ ശ്രീധരനെ മെട്രോമാൻ തോൽപ്പിച്ചത്.

തന്റെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് ജനങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു. ആഴ്ചകൾക്ക് മുൻപ് ശ്രീധരൻ പറഞ്ഞത് ഇങ്ങനെ: 'തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് അത്രമേൽ ആത്മവിശ്വാസം ഉണ്ട്. പാലക്കാട് ടൗണിൽ ഹെഡ്പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോൾ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാർക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉൾപ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാർട്ടിയല്ല, ഞാനാണ് അത് ചെയ്തത്. പാലക്കാട് ഉള്ളപ്പോൾ എനിക്ക് താമസിക്കാൻ കൂടി സൗകര്യമുള്ളതാണ് കണ്ടുവെച്ച വീട്.' ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

പാലക്കാട് രാഷ്ട്രീയമണ്ഡലത്തിൽ കോൺഗ്രസിന്റെ അഭിമാനം ഷാഫി പറമ്പിലിന്റെ കൈകളിൽ മൂന്നാം തവണയും ഭദ്രം. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടത്തിന്റെ അവസാനം യൂത്ത് കോൺഗ്രസിന്റെ മലയാളക്കരയിലെ അമരക്കാരൻ ഷാഫി പറമ്പിലിന് ഹാട്രിക് ജയം. ആകെ 180 ബുത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ബിജെപി കനത്ത പ്രതീക്ഷ വെച്ചുപുലർത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. തുടക്കം മുതൽ തന്നെ മണ്ഡലത്തിലേത് ത്രികോണ മത്സരമാക്കാൻ ബിജെപി പതിനെട്ടടവും പയറ്റിയിരുന്നു.

രാഷ്ട്രീയ വീക്ഷണങ്ങളും വികസന സങ്കൽപങ്ങളും ഒരുപോലെ മാറ്റുരച്ച മത്സരമായിരുന്നു ഇക്കുറി പാലക്കാട്ടേത്. ഷാഫി പറമ്പിലിനാകട്ടെ പാളയത്തിൽ പടയും നേരിടേണ്ടതായുണ്ടായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥും കെപിസിസി നിർവാഹക സമിതി അംഗവും യു.ഡി.എഫ് മുൻ ജില്ല ചെയർമാനുമായ എ. രാമസ്വാമിയും അടക്കമുള്ളവർ വിമതസ്വരങ്ങളായി.

ഇതിൽ രാമസ്വാമി തെരഞ്ഞെടുപ്പിന് മുമ്പേ പാർട്ടി വിടുകയും ചെയ്തു. 'വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം' എന്നിങ്ങനെ നാല് 'വി'കളുമായി കളം നിറയാനെത്തിയ ഇ. ശ്രീധരൻ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫിയുടെ മികച്ച പ്രതിച്ഛായയെ നേരിടാൻ സിപിഎം കളത്തിലിറക്കിയ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നു.

കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ൽ ആദ്യ മത്സരത്തിൽ സിഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോൽപ്പിച്ചത്. 2016ൽ ഷാഫിയെ നേരിടാൻ നാലുവട്ടം പാലക്കാടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച എൻ.എൻ. കൃഷ്ണദാസിനെ സിപിഎം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിജെപിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാൾ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയർത്തി. ആകെ പോൾ ചെയ്ത വോട്ടിന്റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എൻ.എൻ. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎമ്മിനെ ഞെട്ടിച്ച സംഭവമായിരുന്നു.