മുംബൈ: നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ ഷാറുഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വിഡിയോ വിമർശന വിധേയമാകുന്നു. വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാറൂഖും ഭാര്യ ഗൗരി ഖാനും നൽകിയ ഒരഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്

'ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അവനു പെൺകുട്ടികളുടെ പിന്നാലെ നടക്കാനും എത്ര വേണമെങ്കിലും പുകവലിക്കാനും കഴിയുമെന്ന്. അവന് ലഹരിമരുന്ന് ഉപയോഗിക്കാനും കഴിയുമെന്ന്' ഷാറുഖ് വിഡിയോയിൽ പറയുന്നു. സിമി അഗർവാളുമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞ് നിരവധി പേരാണ് ഈ വിഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

 

തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാറുഖ് ഈ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ഇടയ്ക്ക് തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് തമാശ രൂപേണ ഷാറുഖ് മറുപടി നൽകുന്നുമുണ്ട്. ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും അവനെ ലഹരിമരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നുമാണ് ഷാറുഖ് പറയുന്നത്.

പഴയ വിഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കുത്തിപൊക്കി വിമർശന വിധേയമാക്കുന്നത്. ആര്യൻ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്.