മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേയ്‌ക്കെന്ന് റിപ്പോർട്ട്. ഒരു വെബ് സീരിസും ഒരു ഫീച്ചർ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. തന്റെ വെബ് സീരീസിന്റെ പരീക്ഷണ ചിത്രീകരണം ഇതിനകം തന്നെ ആര്യൻ ഖാൻ നടത്തിയെന്നും റിപ്പോർട്ടുണ്ട്

റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിന് വേണ്ടി തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരിൽ ചിലരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയില്ലെങ്കിലും ഗൂഢാലോചന നടത്തിയെന്ന എൻസിബി വാദത്തിന് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി അറിയിച്ചിരുന്നു.

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ഇനി പ്രദർശനത്തിന് എത്തുക 'പത്താനാ'ണ്. കോവിഡ് അടക്കമുള്ള കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയതായിരുന്നു. ഇപ്പോൾ പത്താൻ ചിത്രത്തിന്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഷാരൂഖ് ഖാന് ചിത്രം വൻ തിരിച്ചുവരവ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.