ഇസ്‌ലാമബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റിന് തയ്യാറെടുക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി. യുവ പേസർ ഷഹീൻ അഫ്രീദി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കില്ല. കാൽമുട്ടിനു പരുക്കേറ്റതിനാൽ അഫ്രീദിക്ക് ഏഷ്യ കപ്പ് മത്സരങ്ങൾ നഷ്ടമാകും.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണു താരത്തിനു പരുക്കേറ്റത്. നാല് മുതൽ ആറ് ആഴ്ച വരെ വിശ്രമം വേണമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മെഡിക്കൽ അഡൈ്വസറി കമ്മറ്റിയുടെ നിർദ്ദേശം. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്ടമാകും.

നെതർലൻഡ്സിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ഇരുപത്തിരണ്ടുകാരനായ താരം സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാനായിരുന്നില്ല.

ഒക്ടോബറിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലായിരിക്കും അഫ്രീദിക്ക് ഇനി കളിക്കാനാവുക. ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും താരം കളിച്ചേക്കും. ഷഹീൻ അഫ്രീദിയുമായി സംസാരിച്ചെന്നും അദ്ദേഹം ദുഃഖത്തിലാണെന്നും പിസിബി ചീഫ് മെഡിക്കൽ ഓഫിസർ നജീബുല്ല സൂമ്‌രോ പ്രതികരിച്ചു.

''അദ്ദേഹം രാജ്യത്തെയും ടീമിനെയും സേവിക്കുന്നതിനായി തിരിച്ചെത്തും. അദ്ദേഹത്തിനു കൂടുതൽ സമയം വേണ്ടിവരും. ഒക്ടോബറിൽ ക്രിക്കറ്റിലേക്കു തിരിച്ചുവരും'' നജീബുല്ല വ്യക്തമാക്കി. ഹസൻ അലി ടീമിലില്ലാത്തതിനാൽ ഹാരിസ് റൗഫിനാകും ഏഷ്യ കപ്പിൽ പാക്കിസ്ഥാന്റെ പേസ് ആക്രമണങ്ങളുടെ ചുമതല. ഓഗസ്റ്റ് 28ന് ഇന്ത്യയ്‌ക്കെതിരെയാണ് ഏഷ്യ കപ്പിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരം.

ഏഷ്യാ കപ്പിൽ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിർണായകമാകും എന്ന് കരുതിയ പാക് ഇടംകൈയൻ പേസറാണ് ഷഹീൻ ഷാ അഫ്രീദി. സമീപകാലത്ത് ഇംഗ്ലണ്ടിലടക്കം ഇടംകൈയൻ പേസർമാർ ഇന്ത്യൻ ബാറ്റർമാർക്ക് കനത്ത ഭീഷണി സൃഷ്ടിച്ചിരുന്നു. ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ-പാക് ടീമുകൾ മുഖാമുഖം വരാൻ സാധ്യതയുള്ളതിനാൽ താരത്തിന്റെ അഭാവം ബാബർ അസമിനും സംഘത്തിനും കനത്ത പ്രഹരമാകും.

പാക് സ്‌ക്വാഡ്: ബാബർ അസം(ക്യാപ്റ്റൻ), ഷദാബ് ഖാൻ, ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഖുസ്ദിൽ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്മാൻ ഖാദിർ.