ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന ഷഹീൻബാഗ് സമരം ബിജെപിയുടെ തിരക്കഥയിൽ പിറന്നതെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയാണ് ഷഹീൻ ബാഗ് സമരം തുടങ്ങിയതെന്ന് ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങൾ പങ്കുചേർന്നതെന്നതിൽ സമരക്കാർക്ക് ലജ്ജ തോന്നണമെന്നും ഭരദ്വാജ് പറഞ്ഞു. ഷഹീൻബാഗ് സമരത്തിൽ മുന്നിൽ നിന്നും പ്രവർത്തിച്ച നേതാക്കളിൽ ചിലർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് എഎപി ആരോപണവുമായി രംഗത്ത് വന്നത്.

ഈവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഷഹീൻബാഗിൽ ബിജെപി സമരം ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിക്കുന്നു. സമരത്തിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തതും ബിജെപിയുടെ ഉന്നത നേതാക്കളാണ്. ആരൊക്കെ എന്തൊക്കെ പറയണം, ആരൊക്കെ മറുപടി നൽകണം തുടങ്ങിയ കാര്യങ്ങളൊക്കെയും ബിജെപിയാണ് ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിച്ചു. സമരത്തിന്റെ ആരംഭ ഘട്ടത്തിലുണ്ടായ നീക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം.

പൗരത്വ ബില്ലിന് പിന്നാലെ പത്ത് സ്ത്രീകളടങ്ങുന്ന സംഘമാണ് സമരം തുടങ്ങിയത്. വഴിതടഞ്ഞ് സമരം നടത്താൻ പൊലീസ് അവരെ അനുവദിച്ചു. എന്നാൽ അതേ പൊലീസ് ബില്ലിനെതിരെ സമരം നടത്താനെത്തിയ വിദ്യാർത്ഥികളെയും സാമൂഹ്യ പ്രവർത്തകരെയും സമരത്തിന് അനുവദിച്ചില്ല. എല്ലാദിവസവും രാവിലെ ചിലർ വന്ന് സമരത്തിനിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പോകുമ്പോൾ അടുത്ത സംഘം വരും. കൃത്യമായ സമയ നിഷ്ഠയോടെയാണ് സമരം ആസൂത്രണം ചെയ്തതെന്നും ഇത് ബിജെപിയുടെ തിരക്കഥയായിരുന്നു എന്നും ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.

സമരത്തിന്റെ പിന്നിൽ പ്രവർത്തിച്ച നേതാക്കളാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ആളുകളാണോ ഇപ്പോൾ ബിജെപിയിൽ ചേർന്നത്, അതോ അവർ ബിജെപിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡൽഹിയിലെ ബിജെപി അനുഭാവികളെ നിങ്ങൾ എതിർത്തവർ യഥാർഥത്തിൽ ബിജെപിയുടെ ആളുകൾ തന്നെയാണ്- ഭരദ്വാജ് പറഞ്ഞു.

ജനാധിപത്യാനുകൂലികൾ വിശ്വസിച്ചിരുന്നത് ഷഹീൻബാഗിലേത് ജനാധിപത്യ സമരമായിരുന്നുവെന്നാണ്. സത്യത്തിൽ അത് ബിജെപിയുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയമായിരുന്നുവെന്ന് അവർ മനസിലാക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.