തിരുവനന്തപുരം: 'വണ്ടിപ്പെരിയാറിലേക്ക്' എന്ന തലക്കെട്ടോടെ തന്റെ ചിരിക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന് പിന്നാലെ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇങ്ങനെയൊരു ഫോട്ട് ഇട്ടതിൽ വിശദീകരണവുമായി ഷാഹിദാ കമാൽ രംഗത്തെത്തി. ഇടുക്കി വണ്ടിപെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാഹിദ കമാൽ ഫേസ്‌ബുക്കിൽ ചിത്രം പങ്കുവെച്ചത്.

ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം. അതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ ഇട്ടത്, ഇന്നാണെങ്കിൽ അങ്ങനെയൊരു ഫോട്ടോ ഇടില്ല. സുഹൃത്തുക്കൾ ചൂണ്ടികാട്ടിയതോടെ പോസ്റ്റ് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അംഗം പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.കേസിന്റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പ്രതികരിച്ചു.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ടി.ബൽറാം, കെഎസ് ശബരീനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വനിതാ കമ്മീഷൻ അംഗം ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു ശബരീനാഥിന്റെ വിമർശനം.
ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന സെൽഫിയാണ് ഷാഹിദ പങ്കുവച്ചത്. കേരളത്തെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം വലിയ ചർച്ചയാകുമ്പോഴാണ് സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ 'ഉല്ലാസ' പോസ്റ്റ്. ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം എന്ന അപേക്ഷിച്ച് പരിഹസിക്കുന്നവരെയും പോസ്റ്റിന് താഴെ കാണാമായിരുന്നു.