കോടഞ്ചേരി: ഷാജി പാപ്പൻ ആ ലോറിയുമെടുത്ത് ഒന്നൊന്നര വരവാ.. തീപിടിച്ച വൈക്കോൽ കൂനകൾ വഹിച്ചു കൊണ്ടുള്ള ലോറിയിൽ ഗ്രൗണ്ടിലേക്ക് കോടഞ്ചേരിക്കാരുടെ ഷാജി വർഗീസ് ഓടിച്ചുകയറ്റി എത്തിയപ്പോൾ കണ്ടവർ അന്തിച്ചു. പിന്നെയെല്ലാം മിന്നൽ വേഗത്തിലായിരുന്നു. അതിവേഗത്തിൽ ലോറി ഗ്രൗണ്ടിൽ ഓടിച്ചപ്പോൾ തീപിടിച്ച വൈക്കോൽ കൂനകൾ ചിതറി തെറിച്ചു. പിന്നീട് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കൂടുതൽ തീപടരും മുമ്പ് ലോറിയിൽ നിന്നും വൈക്കോൽ കൂനകൾ നിലത്ത് എത്തിച്ചു. ലോറിയിലെ ഡ്രൈവർ പോലും ഭയന്നു വിറച്ചു നിന്നപ്പോഴാണ് കോടഞ്ചേരിക്കാർ ഷാജി പാപ്പൻ എന്നു വിളിക്കുന്ന ഷാജി വർഗീസ് സാഹസികമായി നാടിന്റെ രക്ഷകനായത്. ഷാജിയുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹമാണ് എങ്ങും.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടി. തുടർന്ന് എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു റോഡിൽ നിന്ന വാഹനം കത്തിയാൽ കൂടുതൽ അപകടം ഉണ്ടാകുന്ന അവസ്ഥയുണ്ടായി.

ഈ സമയത്താണ് സാധനങ്ങൽ വാങ്ങാനായി ഷാജി ടൗണിൽ എത്തിയിരുന്നത്. നാട്ടുകാരനായ ഷാജി കൂട്ടുകാരെയും ഒപ്പം വിളിച്ചു. സമീപത്തെ ഗ്രൗണ്ടിലേക്ക് വാഹനം മാറ്റിയിട്ടാൽ വൻ അപകടം ഒഴിവാക്കാമെന്ന അഭിപ്രായവും പലരും പറഞ്ഞു. എന്നാൽ തീ പടർന്ന ലോറി ഓടിക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് ഷാജി വാഹനത്തിലേക്ക് കയറി റോഡിലൂടെ ലോറി ഓടിച്ചു തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റിയത്.

ഗ്രൗണ്ടിൽ ലോറി അതിവേഗത്തിൽ ഓടിച്ചതോടെ തീപിടിച്ച വൈക്കോൽ കെട്ടുകൾ നിലത്തേക്കും തെറിച്ചു വീണു. ഇതോടെ വൻ അപകടം ഒഴിവാകുകയാണ് ചെയ്തത്. നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.ഷാജി വർഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഷാജി വർഗീസിന നാട്ടുകാരുടെ വക അഭിനന്ദന പ്രവാഹമാണ്. ഷാജിയുടെ മനോധൈര്യമാണ് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. 30 വർഷത്തോളം വലിയ വാഹനങ്ങൾ ഓടിച്ചു പരിചയമുണ്ട് ഷാജിക്ക്. ഈ ഡ്രൈവിങ് പരിചയമാണ് വൻ അപകടത്തിൽ നിന്നും നാടിനെ രക്ഷിച്ചത്.

ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് കാരണമാക് വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. വയനാട്ടിൽ നിന്നും വൈക്കോലുമായി വന്ന കെ.എൽ 51 കെ. -3098 നമ്പർ ലോറിക്കാണ് ഓടുന്നതിനിടെ ഉച്ചയോടെ തീ പിടിച്ചത്.