ധാക്ക: കളിക്കളത്തിൽ വിക്കറ്റ് ചവിട്ടി തെറിപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കീബ് അൽ ഹസനെ പിന്തുണച്ച് ഭാര്യ ഉമെ അഹമ്മദ് ശിശിർ. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായ താരത്തെ പിന്തുണച്ച് സോഷ്യൽമീഡിയയിലൂടെയാണ് അവർ രംഗത്തെത്തിയത്.

വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ഭർത്താവിനെ വില്ലനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അവർ കുറിച്ചു. ഷാക്കീബിനെ വിമർശിക്കുന്നവർ എന്നാൽ അംപയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ച് മിണ്ടുന്നില്ല. അംപയറുടെ തീരുമാനങ്ങളാണ് പ്രധാന വിഷയം. ഇത് ഷാക്കീബ് അൽ ഹസനെതിരായ നീക്കമാണ്. അദേഹത്തെ വില്ലനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ഉമെ ആരോപിക്കുന്നു.

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഷാക്കീബ് അൽ ഹസൻ അംപയറോട് തട്ടിക്കയറിയത്. അപ്പീൽ ചെയ്തിട്ടും അംപയർ ഔട്ട് അനുവദിക്കത്തതിനെ തുടർന്നാണ് മുഹമ്മദൻ സ്പോർട്ടിങ് ഷാക്കിബ് ക്യാപ്റ്റനായ ഷാക്കീബിന് നിയന്ത്രണം വിട്ടത്. വിക്കറ്റിൽ ചവിട്ടി രോഷം തീർത്ത താരം അംപയറോട് അതിരൂക്ഷ ഭാഷയിൽ തർക്കിക്കുകയും ചെയ്തിരുന്നു.