ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് ശാലിനി. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായ താരം വീണ്ടും എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. നീണ്ട 21 വർഷത്തെ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് ശാലിനി അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചെറിയ വേഷമാണെങ്കിലും വളരെ പ്രധാനപ്പെട്ടതാണ് വേഷം. ശാലിനിക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതി പുലർത്താൻ പറ്റുകയൊള്ളൂവെന്ന മണിരത്നത്തിന്റെ വാക്കുകളാണ് താരത്തിന്റെ മടങ്ങി വരവിന് കാരണമായത്. മികച്ച സിനിമയിലൂടെ ശാലിനി തിരിച്ചുവരുന്നതിൽ അജിത്തിനും സന്തോഷമുണ്ടെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ആയിട്ടില്ല. തെന്നിന്ത്യയിലേയും ബോളിവുഡിലേയും വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവം.

ഐശ്വര്യ റായി ബച്ചൻ, വിക്രം, കാർത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാൻ, കിഷോർ, റിയാസ് ഖാൻ, ലാൽ, ശരത്കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നത്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുദേയിൽ ശാലിനിയായിരുന്നു നായിക. ചിത്രം വലിയ വിജയമായിരുന്നു.

മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ശാലിനി. മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന താരം സൂപ്പർതാരം തല അജിത്തുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറയുകയായിരുന്നു. 2000 നടൻ അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി അഭിനയത്തോട് വിടപറഞ്ഞത്. ലൈംലൈറ്റിൽ നിന്ന് പൂർണമായി മാറി നിൽക്കുന്ന താരം ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.