താരസംഘടനയായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി നടൻ ഷമ്മി തിലകൻ. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരിൽ നോമിനേഷൻ തള്ളിയ വ്യക്തി താൻ മാത്രമാണ്. അതിനാൽ സിദ്ദിഖ് നടത്തിയ പരമാർശം തന്നെ കുറിച്ച് ആണെന്ന് എല്ലാവർക്കും മനസിലാവും. സിദ്ദിഖ് ഈ പരമാർശം നടത്തിയത് കുറ്റബോധം കൊണ്ടാണ്. തനിക്കെതിരെ പീഡന പരാതിയോ മീടൂ ആരോപണമോ ഇല്ലെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.ഒരു ചാനലിനോടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം

ഷമ്മി തിലകൻ പറഞ്ഞത്:

സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഈ വിഷയം ജനറൽബോഡിയിൽ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുൻ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുൻപ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമർശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികൾ അടക്കം അംഗങ്ങളിൽ പലരും പിന്തുണ അറിയിച്ചു.