കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രാഷ്ട്രീയപാർട്ടികൾ ആവിഷ്‌കരിച്ചുതുടങ്ങിയതോടെ സിനിമാ താരങ്ങളും പാർട്ടികളിലേക്ക് ചേക്കേറുകയാണ്. മുകേഷും ഇന്നസെന്റുമൊക്കെ ഇടതു പാളയത്തിൽ നേരത്തെ എത്തിയവരെങ്കിൽ, ധർമജനും രമേശ് പിഷാരടിയും, ഇടവേള ബാബുമൊക്കെ കോൺഗ്രസ് പാർട്ടിയോട് മമതയുള്ളവരാണ്. ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ പിഷാരടിയും ഇടവേള ബാബുവും എത്തി സംസാരിക്കുകയും ചെയ്തു. ഇടവേള ബാബുവിന്റെ കോൺഗ്രസ് വേദിയിലെ സാന്നിധ്യത്തെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്തെത്തി. കമ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കാൻ കുത്തിത്തിരിപ്പ് നടത്തുകയും ചെയ്തത് ഓർമിപ്പിച്ചുകൊണ്ടാണ് ബാബുവിന് എതിരെ ഷമ്മിയുടെ വിമർശനം

ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:

ഞാൻ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷനേതാവ്..ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?