കോതമംഗലം: നാട്ടിലെ പൊതുവിഷയങ്ങളിൽ ഇടപെടുന്നതിൽ അസ്വസ്ഥരായിരുന്ന ഒരു പറ്റം ആളുകളുടെ ഇടപെടലാണ് ഈ കേസിന്റെ അടിസ്ഥാനം.അടുത്തകാലത്തായി പോത്താനിക്കാട് മേഖലിൽ സി പി എമ്മിന് ആധിപത്യം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത് ഇത്തരക്കാർക്ക് എന്നോടുള്ള വൈരാഗ്യം കൂടാൻ കാരണമായി. 'മറ്റേപ്പാർട്ടിക്കാർക്ക് ജനങ്ങൾക്കിടയിൽ ഭയങ്കര മതിപ്പാണ്..അവരിൽ കൊള്ളാവുന്നവരെ പെണ്ണുകേസിലോ ഗർഭകേസിലോപെടുത്തി ഇല്ലായമ ചെയ്താൽ നാട്ടുകാർ അവരുടെ മുഖത്ത് കാർക്കിച്ചുതുപ്പുന്ന ഒരു അവസരമുണ്ടാവും....അപ്പോൾ നമുക്ക് മുതലെടുക്കാം... എന്നുള്ള സന്ദേശം സിനിമയിലെ താരത്തിന്റെ പരാമർശം പോത്താനിക്കാട് പൊലീസ് അക്ഷരം പ്രതി നടപ്പിലാക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദ് പറഞ്ഞു.

പോത്താനിക്കാട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിൽ പ്രതിചേർത്തതിനെത്തുടർന്ന് നാട്ടിൽ നിന്നുമാറിനിന്നിരുന്ന ഷാന്മുഹമ്മദ് എറണാകുളം പോക്സോ കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിസമാണ് നാട്ടിലെത്തിയത്.തന്നെ പ്രതിചേർത്തതിനെക്കുറിച്ചും കേസിന്റെ നാൾവഴികളെക്കുറിച്ചും താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മറുനാടനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഷാന്മുഹമ്മദ് വിശദമാക്കി. എന്റെ ഭാര്യയുടെ പേരിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നതിന്റെ പേരിൽ ഒരുമിച്ച് കച്ചവടം നടത്തിവരുന്ന എന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഒരു ദിവസം ലോക്കപ്പിലിട്ടു.പിന്നീട് കോടതിയിൽ നിന്നും ജാമ്യമെടുക്കേണ്ട സാഹചരിയവുമുണ്ടായി.ഇതുകൂടാതെ മഹാരാഷ്ട്രീയിൽ എന്റെ സ്ഥലത്തെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാജേന്ദ്രനെ പൊലീസ് അറസ്റ്റുചെയ്തു.

ഒരു മാസത്തോളം പൊലീസ് നടത്തിയത് നരനായാട്ടായിരുന്നു. രാവിലെയും ഉച്ചക്കും രാത്രിയിലും പൊലീസ് വീട്ടിൽക്കയറി നിരങ്ങി. പുലർച്ചെ 3 മണിക്കുപോലും 95 വയസ്സായ വല്യുമ്മയെ കതകിൽ മുട്ടിവിളിച്ച് തുറപ്പിക്കുന്ന പതിവുപോലും ഉണ്ടായിരുന്നു.എന്നെ വിളിച്ച ജനപ്രതിനിധകളടക്കമുള്ളവരെ വിളിച്ച് പൊലീസ് ഭീഷിണി മുഴക്കി.നിരവധി പേരിൽ നിന്നും സ്റ്റേറ്റുമെന്റുകൾ എഴുതി വാങ്ങി.
ഒരു പഞ്ചായത്ത് മെമ്പറുടെ ഫോൺ പൊലീസ് പിടിച്ചുവാങ്ങി, നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന ഒരു ആപ്പ് ഇൻസ്റ്റോൾ ചെയ്യുകയുമുണ്ടായി.ഇതെക്കുറിച്ച് ബന്ധപ്പെട്ടവർ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിട്ടുണ്ട്.നിയമ നടപടികളും നടന്നുവരുന്നു.പൊലീസിന്റെ ശല്യം ചെയ്യൽ സഹിക്കാൻ വയ്യാതായതോടെ അടുത്ത ബന്ധുക്കൾ ഒത്തുകൂടി വിഷയം ചർച്ചചെയ്യുകയും തുടർന്ന് പൊലീസിനെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു.

ഇരയെ ഭീഷിണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.ഇരയെ ഇതുവരെ കണ്ടിട്ടില്ല,അവരുടെ വീടറിയില്ല.ഞാൻ അവരുടെ വീട്ടിലെത്തി ഭീഷിണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.ഇത് ശരിയാമാർഗ്ഗത്തിൽ തെളിക്കാൻ പൊലീസ് തയ്യാറവണം.സി പി എമ്മിന്റെ പ്രദേശിക ഓഫീസുകളിൽ രൂപപ്പെടുത്തുന്ന തിരക്കഥ കൃത്യമായി പേപ്പറിലേക്ക് പകർത്തുന്ന ജോലിയാണ് പോത്തനിക്കാട് പൊലീസ് ചെയ്തിരുന്നത് എന്നാണ് മനസ്സിലാവുന്നത്. ഇരയെയും കൊണ്ട് ആശുപത്രിയിൽപ്പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ വാദം.ഞാൻ ഏതെങ്കിലും ആശുപത്രിയിൽ പെൺകുട്ടിയെയും കൊണ്ട് പോയി എന്ന് പൊലീസ് കൃത്യമായ തെളിവുകളോടെ സ്ഥാപിച്ചാൽ നാളെ പൊതുപ്രവർത്തനം നിർത്തി,പാർട്ടി ഉത്തരവാദിത്വങ്ങൾ രാജിവച്ച് രാജിവച്ച് ഈ കേസിൽ നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.പോക്സോ കേസ് ഉണ്ടായാൽ ഇരയെ സാധാരണ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കാണ് പൊലീസ് മാറ്ററുള്ളത്.എന്നാൽ പോത്താനിക്കാട് പൊലീസ് പോക്സോകേസ് റിപ്പോർട്ടുചെയ്യപ്പെട്ട ശേഷം ഇരയെ വിട്ടയച്ചത് ബന്ധുവിനൊപ്പമാണ്.ഈ ബന്ധുവിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ കേസിനുപിന്നലെ വസ്തുതകൾ കുറച്ചുകൂടി വ്യക്തമാവും.

കേസിൽ പ്രതിചേർക്കപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ നിന്നും വലിയപിൻതുണയാണ് ലഭിച്ചത്.ഞാൻ തെറ്റുകാരനല്ലന്നും വേട്ടയാടപ്പെടുകയാണെന്നും മനസ്സിലായിട്ടാവണം പാർട്ടിനേതാക്കൾ എനിക്ക് നീതി ലഭിക്കുന്നതിനായി രംഗത്തിറങ്ങാൻ തയ്യാറായത്.ആദ്യം എന്റെ വിഷയത്തിൽ പ്രതികരിച്ചത് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ പോലും എന്റെ വിഷയവുമായി ബന്ധപ്പെടുത്തി പോത്താനിക്കാട് പൊലീസ് കേസെടുത്തിരിക്കുകയാണ്്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ശശി തരൂരിനും ഷാഫി പറമ്പിലിനും മാത്യു കുഴലനാടൻ എം എൽ എയ്ക്കും ഇര സ്വന്തം കൈപ്പടയിൽ കത്തെഴുതിയതായി റിപ്പോട്ടർ ചാനലിൽ വാർത്തവന്നിരുന്നു.ഈ കത്തുകൾ ഇവർക്കാർക്കെങ്കിലും കിട്ടിയോ എന്ന മാധ്യമങ്ങൾ അന്വേഷിക്കണം.ഈ കത്തുകൾ എവിടെപ്പോയി എന്ന കാര്യം ഗൗരവമായി പരിശോധിക്കപ്പെടണം.

കേസിന്റെ ആദ്യഘട്ടത്തിൽ അറിഞ്ഞത് എന്റെ സുഹൃത്തും ഇടയ്ക്കൊക്കെ കാർ ഓടിക്കാൻ എത്തിയിരുന്നതുമായ പോത്താനിക്കാട്് പുളിന്താനം സ്വദേശി റിയാസിനെ പ്രതിയാക്കി പോക്സോ കേസെടുത്തെന്നാണ്്.ഇത് കഴിഞ്ഞ ജൂൺ രണ്ടാം തീയതിയായിരുന്നു.പിന്നീട് 4 ദിവസം കഴിയുമ്പോൾ എന്നെ ഈ കേസിൽ രണ്ടാം പ്രതിയാക്കി ചേർത്തതായും അറിഞ്ഞു.ഗ്രേഡ് എസ് ഐ ബേബി കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി ജിമ്മി പോളിനെ വിളിച്ചാണ് ഇക്കാര്യം അറിയിക്കുന്നത്.ഷാൻ മുഹമ്മദ് സ്റ്റേഷനിലെത്തിയാൽ ഒരുമണിക്കൂറിനകം ജാമ്യം നൽകി വിടാമെന്നും എസ് ഐ ജിമ്മിയെ ധരിപ്പിച്ചിരുന്നു.

ജിമ്മി പോളടക്കമുള്ള പാർട്ടി നേതാക്കൾ നിയമവശം നോക്കി എന്തുവേണമെന്ന് തീരുമാനിക്കാൻ എന്നോട് ആവശ്യപ്പെട്ടു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കേസ് ഒരു ട്രാപ്പാണെന്ന് ബോദ്ധ്യമായി.തുടർന്ന് കേസിലെ നിരപരാധിത്വം തെളിയിക്കുന്നതിനായി നാട്ടിൽ നിന്നും മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ കേസിൽ പൊലീസ് എന്നെ അറസ്റ്റുചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ തെറ്റുകാരനാണെന്ന് വീട്ടുകാർ പോലും വിശ്വസിച്ചുപോകുമായിരുന്നു.എന്റെ നിരപരാധിത്വം തെളിക്കുകയായിരുന്നു മുഖ്യലക്ഷ്യം.ഇക്കാര്യം മുൻനിർത്തിയാണ് നിയമപോരാട്ടം ആരംഭിച്ചിട്ടുള്ളത്.രാഷ്ട്രീയ പ്രേരിതമായി പൊലീസ് കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്ന് തെളിവുകൾ സഹിതം പുറത്തുകൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നത്.

6-ാം തീയതി രജിസ്റ്റർ ചെയ്ത കേസിൽ 10-ാം തീയതി ആയപ്പോഴേക്കും ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നതിനുവരെ പൊലീസ് തയ്യാറായി.ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതിന് വഴിയൊരുക്കിയും മാധ്യമങ്ങൾക്ക് വാർത്തകൾ എത്തിച്ചും പൊലീസ് ഇഷ്ടക്കാരായ രാഷ്ട്രീയക്കാരോട് കൂറുകാണിച്ചതായും വിവരം കിട്ടി. ഈ കേസിൽ പൊലീസ് സ്റ്റേഷനിൽ സ്വീകരിക്കുന്ന നടപടികൾ വള്ളിപുള്ളി വിടാതെ ഡി വൈ എഫ് ഐയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റുകളായി പ്രത്യക്ഷപ്പെട്ടിരുന്നതായും കവലകളിലും നാലുപേർ കൂടിന്നിടത്തുമെല്ലാം സി പി എം പ്രവർത്തകരും കൂട്ടാളികളും കേസിന്റെ കാര്യം ഉയർത്തി എന്നെ അവഹേളിച്ചിരുന്നതായും അറിഞ്ഞിരുന്നു.

എന്റെ കൂടെ വണ്ടിയിൽ രണ്ടോ മൂന്നോ ചെറുപ്പക്കാരുണ്ടാവും.എന്റെ ആവശ്യത്തിന് പുറമെ ഇവർ പലസ്ഥലത്തും വാഹനം കൊണ്ടുപോകാറുണ്ട്്.ഇതിന് ഞാൻഒരിക്കലും എതിരുപറഞ്ഞിട്ടില്ല.അവരിലുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് വാഹനം കൊടുത്തുവിട്ടിരുന്നത്.എന്റെ മൊബൈൽ ലൊക്കേഷനും ഒന്നാം പ്രതിയുടെ ലൊക്കേഷനും ഒന്നാണെന്നാണ് പറയുന്നത്.ഒരു ദിവസമല്ല,ഒരു മാസം പരിശോധിച്ചാലും കൂടുതൽ ദിവസവും എന്റെ ലൊക്കേഷൻ മൂവാറ്റുപുഴയായിരിക്കും.എം എൽഎയുടെ കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനങ്ങളിലും മരുന്നുവിതരണത്തിലും കിറ്റുവതരണത്തിലുമെല്ലാം പങ്കെടുത്ത് ഈ ദിവസങ്ങളിൽ കൂടുതൽ സമയവും മൂവാറ്റുപുഴയിലാണ് ഉണ്ടായിരുന്നത്.കൂടാതെ യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിലെ പ്രവർത്തനങ്ങക്കും മൂവാറ്റുപുഴയിൽ കൂടുതൽ സമയം ചെലവിട്ടിട്ടുണ്ട്.

മാത്യുകുഴലനാടൻ എം എൽ എ എന്നെ വേട്ടയാടാൻ വിട്ടുകൊടുക്കില്ലന്ന് പരസ്യമായി പറഞ്ഞത് അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായതുകൊണ്ടാണ്.അദ്ദേഹത്തെപ്പോലെ എന്നെ മനസ്സിലാക്കുന്ന ,സ്നേഹിക്കുന്ന ഒരുപാടുനേതാക്കൾ പാർട്ടിയിലുണ്ട്.ഇത് പകർന്ന കരുത്ത ചെറുതല്ല.ഞാൻ കുറ്റം ചെയ്തിട്ടല്ല എന്ന് തെളിയിക്കുന്നതിനാണ് ഇനിയുള്ള ശ്രമം.ഈ കള്ളക്കേസിലും ഗൂഢാലോചനയിലും പങ്കാളികളായവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതുവരെ നിയമനടപടികൾ തുടരും.ഷാൻ മുഹമ്മദ് വാക്കുകൾ ചുരുക്കി. പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഷാന്മുഹമ്മദിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്് സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മാത്യു കുഴൽനാടൻ എം എൽ എയാണ് ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ഈ പാർട്ടി നേതൃത്വങ്ങൾ ഉന്നയിച്ചിരുന്നു.വേട്ടയാടലിന് അനുവദിക്കില്ലന്നായിരുന്നു ഈയവസരത്തിൽ മാത്യുകുഴനാടക്കം കോൺഗ്രസ് നേതാക്കളുടെ നിലപാട്.മുൻകൂർ ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഷാൻ മുഹമ്മദിന് നാട്ടിൽ കോൺഗ്രസ് പ്രവർത്തകർ ഊഷ്മളമായ സ്വീകരണവും ഒരുക്കിയിരുന്നു.