സിഡ്നി: മുൻ പാക് ക്രിക്കറ്റ് നായകൻ സലീം മാലിക്കിന് എതിരെ ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. പാക്കിസ്ഥാനെതിരായ കറാച്ചി ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുക്കാൻ മാലിക് ഒന്നര കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് വോണിന്റെ ആരോപണം. 1994ൽ കറാച്ചിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഒത്തുകളിക്ക് 2,76,000 ഡോളർ (2 കോടിയോളം രൂപ) തനിക്ക് വാഗ്ദാനമായി ലഭിച്ചെന്ന് വോൺ വെളിപ്പെടുത്തുന്നു. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തൽ.

'ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയിൽ മാലിക് എന്നെ കാണണമെന്ന് അഭ്യർത്ഥിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. അതെ, നാളെ ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പാണെന്ന് ഞാൻ മറുപടിയും നൽകി.

ഞങ്ങൾക്ക് തോൽക്കാൻ കഴിയില്ലെന്നായിരുന്നു അപ്പോൾ മാലിക്കിന്റെ പ്രതികരണം. പാക്കിസ്ഥാൻ തോറ്റാൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്ക് മനസിലാകില്ല. ഞങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് ഉൾപ്പെടെ തീകൊളുത്തപ്പെട്ടേക്കാം. അതുകൊണ്ട് തോൽക്കാൻ കഴിയില്ലെന്ന് മാലിക് പറഞ്ഞു. ഇതിന് പിന്നാലെ മത്സരം തോറ്റു കൊടുക്കാനായി തനിക്കും റൂമിലെ സഹകളിക്കാരൻ ടിം മെയ്‌ക്കും 2,76,000 രൂപ മാലിക് വാഗ്ദാനം ചെയ്തു.

അന്ന് മത്സരം ഒത്തുകളിക്കുകയെന്നു പറഞ്ഞാൽ കേട്ടുകേൾവില്ലാത്ത കാര്യമായിരുന്നു. മത്സരം ഒത്തുകളിക്കുന്നത് അന്ന് ഒരു കായിക വിനോദത്തിലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മാലിക്കിന്റെ വാദ്ഗാനം തന്നെ ഞെട്ടിച്ചെന്ന് വോൺ പറയുന്നു.

ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാൻ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. അന്ന് മത്സരം ഒത്തുകളിക്കുക എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമായിരുന്നു. സംഭവം ടീം മാനേജ്മെന്റിനെ അറിയിച്ചു. ടിം മെയ് ഇക്കാര്യം പരിശീലകൻ ബോബ് സിംപ്സണേയും ക്യാപ്റ്റൻ മാർക്ക് ടെയ്ലറേയും അറിയിച്ചിരുന്നതായും വോൺ വ്യക്തമാക്കുന്നു. പിന്നീടത് മാച്ച് റഫറിയേയും അറിയിച്ചു.

അതേസമയം, ജയിക്കുമെന്ന് വോൺ ഉറപ്പിച്ച കളിയിൽ ഒരു വിക്കറ്റിന് പാക്കിസ്ഥാനാണ് ജയം സ്വന്തമാക്കിയത്. മഇൻസമാമുൽ ഹഖും മുഷ്താഖ് അഹമ്മദും ചേർന്ന് പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ടാണ് അവർക്ക് വിജയമൊരുക്കിയത്. 150 റൺസ് വഴങ്ങി എട്ടു വിക്കറ്റെടുത്ത വോൺ ആയിരുന്നു കളിയിലെ താരം.

പാക്കിസ്ഥാന് വേണ്ടി 103 ടെസ്റ്റും 283 ഏകദിനവും കളിച്ച താരമാണ് സലീം മാലിക്ക്. ടെസ്റ്റിൽ നിന്ന് 5768 റൺസും ഏകദിനത്തിൽ നിന്ന് 7170 റൺസും നേടി. ഒത്തുകളിയെ തുടർന്ന് 2000ൽ മാലിക്കിനെ ക്രിക്കറ്റിൽ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി.