തിരുവനന്തപുരം: പരിവാറുകാർ കുഴിച്ച ചതിക്കുഴിയിൽ ഡിവൈഎഫ്‌ഐക്കാർ വീഴൈുകയാണോ? ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിനു പിന്നാലെ വിവാദങ്ങളും കൊഴുക്കുന്നതിനിടെ എന്താണ് മലയാളി സംഘി ജീവിതമെന്ന് ഫേസ്‌ബുക്കിൽ കുറിച്ച് അഭിഭാഷകൻ ശങ്കു ടി ദാസ് പുതിയ ചർച്ചകൾക്ക് തുടക്കമിടുകയാണ്.

ഡിവൈഎഫ് ഐയുടെ ഫുഡ് ഫെസ്റ്റിവലിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പന്നി ഇറച്ചി വിതരണം ചെയ്തിരുന്നു. ഇത് ഡിവൈഎഫ് ഐയുടെ മതേതര മുഖമായി സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ മലബാറിലെ ആഘോഷത്തിന് ബീഫ് ഇല്ലായിരുന്നു. അവിടെ ഹലാൽ ഭക്ഷണമാണ് വിളമ്പിയത്. ഇത് സോഷ്യൽ മീഡിയയിൽ പലവിധ വിമർശനവും ഉയർത്തി. ഹരീഷ് പേരടിയെ പോലുള്ളവർ പോലും ഡിവൈഎഫ് ഐയെ വിമർശിച്ചു. ഇതിന് പിന്നാലെയാണ് ശങ്കു ടി ദാസിന്റെ പോസ്റ്റ് എത്തുന്നത്.

സംഘപരിവാർ ബിജെപി അനുഭാവികൾ ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിനെ അനുമോദിക്കുമ്പോൾ പന്നി മാംസം വിളമ്പിയതിൽ പല മുസ്ലിം സംഘടനകളും ഡിഫിക്ക് എതിരെയാണ് പ്രതികരിക്കുന്നത്. ഇതേത്തുടർന്നാണ് സീറ്റും അധികാരവും ഒന്നുമില്ലെങ്കിലും സിപിഎമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ടെന്നും ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നൻ പിൻവലിപ്പിച്ചിട്ടുണ്ടെന്നും അടക്കം വിഷയങ്ങൾ ശങ്കു കുറിച്ചത്.

അതായത് പരിവാർ അജണ്ടയിലേക്ക് തന്ത്രങ്ങളിലൂടെ സിപിഎമ്മിനേയും സൈബർ സഖാക്കളേയും ഡിവൈഎഫ് ഐയേയും കൊണ്ടു വരുന്നു എന്നതാണ് അവകാശ വാദം. ഹലാൽ ഭക്ഷണ വിവാദത്തിനെതിരെയാണ് ഡിവൈഎഫ് ഐ ഫുഡ് സ്ട്രീറ്റ് നടത്തിയത്. ബിജെപി അജണ്ടയെ തുറന്ന് കാണിക്കാനായിരുന്നു ഇത്. ഇതിന് പിന്നാലെ പരിവാറുകാർ തന്നെ പന്നി ഇറച്ചി വിളമ്പുമോ എന്ന് ഡിവൈഎഫ്‌ഐയെ വെല്ലുവളിച്ചു. എറണാകുളത്തും തിരുവനന്തപുരത്തും അത് വിളമ്പുകയും ചെയ്തു.

ഇതിനിടെയാണ് മലപ്പുറത്ത് വിളമ്പിയില്ലെന്ന ചർച്ചകളും എത്തുന്നത്. ഇതെല്ലാം ഡിവൈഎഫ് ഐയെ പ്രതിരോധത്തിലാക്കുമ്പോഴാണ് ശ്ങ്കു ടി ദാസിന്റെ പോസ്റ്റ്.

ശങ്കു ടി ദാസിന്റെ പോസ്റ്റിന്റെ പൂർണരൂപം-

സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.

പക്ഷെ സിപിഎമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.

എ.കെ.ജി സെന്ററിൽ ആദ്യമായി ദേശീയ പതാക ഉയർത്തിച്ചിട്ടുണ്ട്.

ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നൻ പിൻവലിപ്പിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐയേ കൊണ്ട് പോർക്ക് വരെ വിളമ്പിച്ചിട്ടുണ്ട്.

മലയാളി സംഘി ജീവിതം.

ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി നേരത്തെ രംഗത്തു വന്നിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി, എന്നാൽ മലപ്പുറത്ത് വിളമ്പിയോ എന്ന് നടൻ ചോദിക്കുന്നു. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പരിഹസിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്. ലാൽ സലാം.