ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് താൻ മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് എനിക്കറിയാം. മത്സരിക്കാനില്ലെന്നും, താൻ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ സർവസമ്മതനായ ഒരു നേതാവിനെ സ്ഥാനാർത്ഥി ആയി നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മിൽ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ചർച്ച നടത്തിയ പശ്ചാത്തലത്തിൽ ശരദ് പവാർ തന്നെയാവും രാഷ്ട്രപതി സ്ഥാനാർത്ഥിയെന്ന ചർച്ചകളും സജീവമായി. ഈ പശ്ചാത്തലത്തിലാണ് റിപ്പോർട്ടുകളെ തള്ളി ശരദ് പവാർ തന്നെ രംഗത്തെത്തിയത്.