കൊല്ലം: കേരള കോൺഗ്രസ് ബി ഗ്രൂപ്പ് എംഎ‍ൽഎ. കെ. ബി. ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബന്ധുവും കോൺഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേശ്കുമാറിന് ആരോടും ആത്മാർത്ഥതയില്ലെന്നും സ്വന്തം രക്തബന്ധത്തോടുപോലുമുള്ള പെരുമാറ്റം അങ്ങനെയാണെന്നും ശരണ്യ മനോജ് ആരോപിക്കുന്നു. ഇടതുമുന്നണിയിലേക്ക് ചേക്കേറിയതും മന്ത്രിപദം ലഭിച്ചതിനുശേഷം സ്വന്തം അച്ഛനെവരെ തള്ളിപ്പറഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഗണേശ് കുമാർ എംഎ‍ൽഎ. സ്ഥാനത്തിരുന്ന 20 വർഷങ്ങളിൽ 15 വർഷം പത്തനാപുരത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. അന്ന് ഗണേശ് യു.ഡി.എഫിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർലോഭമായ സഹായം കൊണ്ടാണ് പത്തനാപുരത്ത് ഇവയെല്ലാം സാധ്യമായത്. എന്നാൽ പെട്ടെന്ന് ഇടതുപക്ഷ പാളയത്തിലേക്കു പോയി. അതുവരെ പിതൃതുല്യനായി കണ്ട ഉമ്മൻ ചാണ്ടിയെ മന്ത്രിയായ പിറ്റേദിവസം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ആരോടും ആത്മാർത്ഥതയില്ല. സ്വന്തം ഭാര്യയോടോ മക്കളോടോ പോലും ഗണേശ് കുമാറിന് ആത്മാർത്ഥതയില്ലെന്നും ശരണ്യ മനോജ് പറഞ്ഞു.

ആർ ബാലകൃഷ്ണ പിള്ളക്കെതിരെ ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ വളരെ കടുത്തതായിരുന്നു. അദ്ദേഹം അഴിമതിക്കാരനാണെന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പറഞ്ഞിട്ടില്ല. പക്ഷെ സ്വന്തം മകൻ പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയെ സ്‌നേഹിക്കുന്ന ഒരാളെങ്കിലും പത്തനാപുരത്ത് ഉണ്ടെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഗണേശ് കുമാറിന് കൊടുക്കുന്നതിന് വേണ്ടി ശക്തമായ പോരാട്ടം നടത്തണമെന്നും ശരണ്യ മനോജ് പറഞ്ഞു.