തിരുവനന്തപുരം: ഇടവ കാപ്പിൽ കടൽത്തീരത്ത് മത്സ്യബന്ധന വലയിൽ കുരുങ്ങിയത് കൂറ്റൻ സ്രാവുകൾ. ഒരെണ്ണം വലയിൽ നിന്നു ചാടിപ്പോയി. അടുത്തതിനെ കരയിലെത്തിച്ച ശേഷം മത്സ്യത്തൊഴിലാളികൾ തിരികെ കടലിലേക്ക് തന്നെ തള്ളിവിട്ടു.

തീരത്തു നിന്നു അൻപത് കിലോമീറ്ററോളം ഉൾക്കടലിൽ കൊല്ലി വള്ളത്തിൽ വിരിച്ച വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. ആയിരത്തോളം കിലോ തൂക്കമുണ്ടെന്നു കരുതുന്ന ഒരു സ്രാവ് വലയിൽ നിന്നു ഉയർന്നു ചാടി രക്ഷപ്പെട്ടു.

മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിലധികം കിലോ തൂക്കവും തോന്നിപ്പിക്കുന്ന മറ്റൊരു സ്രാവിന് വലക്കുടുക്കിൽ നിന്നു രക്ഷപ്പെടാനായില്ല. കാപ്പിൽ സ്വദേശിയായ മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള ആലുംമൂട്ട് തങ്ങൾ എന്ന വള്ളത്തിലെ വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. മൽസ്യബന്ധന തൊഴിലാളികൾ വല കരയ്ക്കടുപ്പിച്ച ശേഷം സ്രാവിനെ തിരികെ കടലിലേക്ക് തള്ളിവിടുന്നത് കാണാൻ നാട്ടുകാരും വിനോദസഞ്ചാരികളും തടിച്ചുകൂടിയിരുന്നു.