മുംബൈ: പോൺ ചലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ കടന്നൽക്കൂട് ഇളകിയത് പോലെയാണ് ആരോപണങ്ങളുടെ വരവ്. ശില്പ ഷെട്ടിയുടെ ഭർത്താവായ കുന്ദ്രക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി ഷെർലിൻ ചോപ്ര രംഗത്തെത്തി.

കേസിൽ ഷെർലിൻ ചോപ്രയുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. 2019 ലാണ് സംഭവം. ഒരു ബിസിനസ് പ്രപോസൽ സംസാരിക്കാൻ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജരെ വിളിച്ചു. 2019 മാർച്ച് 27 ന് ബിസിനസ് മീറ്റിങ്ങിന് ശേഷം കു്ന്ദ്ര തന്റെ വീട്ടിലേക്ക് മുന്നറിയിപ്പ് ഒന്നുമില്ലാതെ എത്തി. ഒരു ടെകസ്റ്റ് സന്ദേശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കുന്ദ്ര ഷെർലിന്റെ വീട്ടിലേക്ക് വന്നതെന്ന് പറയപ്പെടുന്നു.

കുന്ദ്രയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര നടിയുടെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. അവിടെ വെച്ച് എതിർത്തിട്ടും തന്നെ ചുംബിക്കുകയായിരുന്നു എന്നാണ് ഷെർലിൻ പറയുന്നത്. കേസിൽ തനിക്കു കുറേ കാര്യങ്ങൾ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. രാജ് കുന്ദ്രയും ശിൽപ ഷെട്ടിയുമായുള്ള ബന്ധം സങ്കീർണ്ണമാണെന്നും നടി പറയുന്നു. രാജ് കുന്ദ്ര തന്നെയാണ് ബന്ധത്തിൽ പലപ്പോഴും വലിയ സമ്മർദ്ദമുണ്ടാവാറുണ്ടെന്ന് തന്നോട് പറഞ്ഞതെന്നാണ് ഷെർളിൻ പറയുന്നത്. 2021 ഏപ്രിലിലാണ് രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ലൈംഗിക പീഡനത്തിന് പരാതി നൽകിയത്.

'2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ 'ഷെർലിൻ ചോപ്ര ആപ്' എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു. 2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾക്കിടയിൽ ഒരു കാരണത്താൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരുകയും ഞാൻ എതിർത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാൻ തുടങ്ങകുയും ചെയ്തു. പരിഭ്രമിച്ച ഞാൻ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറുകയായിരുന്നു'

അതേസമയം രാജ് കുന്ദ്രയ്ക്കും സഹായി റയാൻ തോർപ്പിനും കോടതി ഇന്നലെ ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്‌ച്ചത്തേക്ക് കൂടി നീട്ടി. ഒരാഴ്‌ച്ചക്കിടെ ഇതുമൂന്നാംതവണയാണ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിവെക്കുന്നത്. കമ്പനിയിലെ നാലു ജീവനക്കാർ കേസിൽ സാക്ഷികളായി മാറിയത് കുന്ദ്രയ്ക്ക് തിരിച്ചടിയായി. മുംബൈ ഹൈക്കോടതിയും നേരത്തെ കുന്ദ്രയുടെ ജാമ്യ ഹർജി പിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.