തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരായ മമതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. കേട്ടുകേൾവി പോലുമില്ലാത്ത ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഡൽഹിയിൽ നിന്നും കേൾക്കുന്നതെന്ന് ഷിബുബേബി ജോൺ പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം കുറിച്ചത്. മമത നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന വീഡിയോയും ഷിബു ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു.

പശ്ചിമ ബംഗാളിലെ മമതാ സർക്കാരിനോട് കേന്ദ്ര ഗവൺമെന്റ് കൈക്കൊള്ളുന്ന പ്രതികാര നടപടികൾ തികച്ചും ഒരു ഫാസിസ്റ്റ് സർക്കാരിന്റെ മൂർത്തി രൂപമാണ്. സംസ്ഥാന സർക്കാരിനോടുള്ള വൈരാഗ്യം തീർക്കുന്നതിന് ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിക്കുക, യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടങ്ങൾ വരുത്തി വച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ വിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കത്തെഴുതുമ്പോൾ ചീഫ് സെക്രട്ടറിക്ക് അന്ത്യശാസനം നൽകുക, രാജിവച്ചിട്ടും പക തീരാതെ വേട്ടയാടുക... എന്നിങ്ങനെ കേട്ടുകേൾവി പോലുമില്ലാത്ത ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഡൽഹിയിൽ നിന്നും കേൾക്കുന്നത്.

മമതയോടുള്ള രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവച്ച് രാജ്യത്തെ ബിജെപി ഇതര സർക്കാരുകൾ സംഘപരിവാർ ഫാസിസത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? ഷിബു ബേബി ജോൺ പറയുന്നു.

ബുദ്ധദേബ് സർക്കാരിന്റെ കാലം മുതൽ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ആലാപൻ ബന്ദോപാധ്യായയ്ക്ക് തന്റെ സിവിൽ സർവീസ് കരിയറിന് തിരശീല ഇടേണ്ടി വന്നു. അതൊരു പ്രതിഷേധമാണ്. അവിടെ ഒരു മുഖ്യമന്ത്രിയും ഉദ്യോഗസ്ഥനും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. അത് ഒരർത്ഥത്തിൽ ഫെഡറലിസം സംരക്ഷിക്കാനുള്ള സമരം കൂടിയാണെന്നും അദ്ദേഹം പറയുന്നു.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഇതാണ് തന്റേടം... ഫാസിസത്തിനെതിരായ പോരാട്ടം ആവശ്യപ്പെടുന്നത് ഈ ധീരതയാണ്.
പശ്ചിമ ബംഗാളിലെ മമതാ സർക്കാരിനോട് കേന്ദ്ര ഗവൺമെന്റ് കൈക്കൊള്ളുന്ന പ്രതികാര നടപടികൾ തികച്ചും ഒരു ഫാസിസ്റ്റ് സർക്കാരിന്റെ മൂർത്തി രൂപമാണ്. സംസ്ഥാന സർക്കാരിനോടുള്ള വൈരാഗ്യം തീർക്കുന്നതിന് ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിക്കുക, യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടങ്ങൾ വരുത്തി വച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ വിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കത്തെഴുതുമ്പോൾ ചീഫ് സെക്രട്ടറിക്ക് അന്ത്യശാസനം നൽകുക, രാജിവച്ചിട്ടും പക തീരാതെ വേട്ടയാടുക... എന്നിങ്ങനെ കേട്ടുകേൾവി പോലുമില്ലാത്ത ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഡൽഹിയിൽ നിന്നും കേൾക്കുന്നത്.

മമതയോടുള്ള രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവച്ച് രാജ്യത്തെ ബിജെപി ഇതര സർക്കാരുകൾ സംഘപരിവാർ ഫാസിസത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ...?

ബുദ്ധദേബ് സർക്കാരിന്റെ കാലം മുതൽ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ആലാപൻ ബന്ദോപാധ്യായയ്ക്ക് തന്റെ സിവിൽ സർവീസ് കരിയറിന് തിരശീല ഇടേണ്ടി വന്നു. അതൊരു പ്രതിഷേധമാണ്. അവിടെ ഒരു മുഖ്യമന്ത്രിയും ഉദ്യോഗസ്ഥനും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. അത് ഒരർത്ഥത്തിൽ ഫെഡറലിസം സംരക്ഷിക്കാനുള്ള സമരം കൂടിയാണ്. ഒരുപക്ഷേ ഒരു ചീഫ് സെക്രട്ടറിക്ക് വേണ്ടി ഒരു മുഖ്യമന്ത്രിയും ഇത്രയും വാശിപിടിച്ചിട്ടുണ്ടാകില്ല. കേന്ദ്രവുമായി ഏറ്റുമുട്ടിയിട്ടും ഉണ്ടാകില്ല. സ്വയം രാജിവെച്ചുകൊണ്ടു ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിക്ക് ഇതുപോലെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുമുണ്ടാകില്ല. ഈ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കാകരുത്.

മമതയോട് രാഷ്ട്രം മമത കാട്ടേണ്ട സമയമാണിത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് വങ്കദേശത്തിൽ ഇടം നൽകാതിരിക്കാൻ നമുക്ക് ഒന്നിച്ചുനിൽക്കാം.