മനാമ: ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും കഞ്ചു എജുക്കേയ്ഷണൽ സപ്പോർട്ട് സിസ്റ്റവും ചേർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൂമിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

'കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണം ശീലം' എന്ന വിഷയത്തിൽ ഷിഫ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷൻ ഡോ. ഫിറോസ് ഖാൻ ക്ലാസെടുത്തു.

ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളുടെ ശാരീരിക, ബൗദ്ധിക വളർച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ദിവസത്തിൽ നാല് മുതൽ അഞ്ച് വരെ ഭക്ഷണം ആകാം. കുട്ടികളുടെ വളർച്ചക്ക് പോഷക സമൃദ്ധമായ ആഹാരം ഒഴിച്ചുകൂടാനാവാത്തതാണ്. പ്രഭാത ഭക്ഷണം കുട്ടികൾക്ക് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ഭക്ഷണ ശീലം പിൻതുടർന്നാൽ അമിത വണ്ണം പോലുള്ള ശാരീരിക അവസ്ഥകൾ തടയാനാകും.

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും കോശങ്ങളുടെ പുനർനിർമ്മാണത്തിനും പേശീവളർച്ചയ്ക്കും പ്രോട്ടീൻ ആവശ്യമാണ്. അതുകൊണ്ട്തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കണം. അത് വഴി പ്രതിരോധ ശേഷി വർധിപ്പിക്കാനാകും. കൊറോണവൈറസ് പോലുള്ള അസുഖങ്ങളിൽ നിന്ന് പ്രതിരോധ ശേഷി നമുക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചു അക്കാഡമിക് ഇൻചാർജ് നാഫിയ ഖാൻ ആമുഖ പ്രസംഗം നടത്തി.