തൃശ്ശൂർ: നാലുവർഷം മുമ്പ് കാറിടിച്ച് ഓട്ടോയിൽനിന്ന് തെറിച്ചുവീണ് കിടപ്പിലായതാണ് ഓട്ടോ ഡ്രൈവറായ ഷൈജൻ. അന്ന് ആശുപത്രി കിടക്കയിലും അപകടമുണ്ടാക്കിയ ആളോട് അനുകമ്പ കാട്ടി. എന്നാൽ ഈ അനുകമ്പ ഇന്ന് പ്രതിസന്ധി തീർക്കുന്നത് കുടുംബത്തിനാണ്. ഷൈജനെ ചികിൽസിക്കാനും കുടുംബം പോറ്റാനും പത്താംക്ലാസ് ജയിക്കും മുന്നേ കുടുംബം പോറ്റാൻ മകൻ ഷിന്റോ ജോലി തേടിയിറങ്ങി. പഠനം ഇതോടെ മുടങ്ങി.

ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഷൈജൻ 2017 ഒക്ടോബർ 24-നാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. കേസ് കൊടുത്തില്ല. അതുകൊണ്ട് തന്നെ ഇൻഷുറൻസിൽ നിന്ന് നഷ്ടപരിഹാരവും കിട്ടിയില്ല. ഇതിന് പിന്നിൽ ഇത്തരത്തിൽ ഭാവി പ്രതിസന്ധിയുടേതാകുമെന്ന് ആരും കരുതിയതുമില്ല. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ അന്ന് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതു കാരണമായിരുന്നു കേസ് വേണ്ടെന്ന് വച്ചത്.

''കേസ് കൊടുക്കരുത്. പിറ്റേന്ന് വിദേശത്തേക്ക് പോകാനുള്ളതാണ്, മുടക്കരുത്''. ചികിത്സച്ചെലവ് പൂർണമായും വഹിക്കാമെന്ന ഉറപ്പും നൽകി. ആ ഉറപ്പ് വിശ്വസിച്ച ഷൈജൻ കേസു കൊടുത്തില്ല. ഇപ്പോൾ വാടകവീട്ടിൽ എല്ലും തോലുമായി മുറിച്ചുമാറ്റപ്പെട്ട ഒരു കാലുമായി കിടക്കുകയാണ് ഷൈജൻ. കുടുംബംപോറ്റാൻ 17 കാരനായ മകൻ ഷിന്റോ കൂലിപ്പണിയെടുക്കുന്നു.

ഓട്ടോറിക്ഷ മറിഞ്ഞ് ഷൈജന് നട്ടെല്ലിന് പരിക്കേറ്റു. നാലുമാസം പൂർണവിശ്രമമെടുത്താൽ പ്രശ്‌നം തീരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അതിനിടെ കേസ് കൊടുക്കരുതെന്ന അപേക്ഷയുമായി കാറുടമ എത്തിയത്. ആശുപത്രിബില്ലുകൾ അടച്ച് കാറുടമ വാക്കും പാലിച്ചു. അതിന് ശേഷമാണ് ആരോഗ്യ പ്രശ്‌നം രൂക്ഷമാക്കിയത്. ഇതോടെ ഷൈജൻ കിടപ്പു രോഗിയായി.

നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്‌നം തീർന്നില്ല. എണീൽക്കാനാകാതെ കിടപ്പിലായി. അപകടത്തിന്റെ തുടർച്ചയെന്നോണം പല രോഗങ്ങളും വന്നു. കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ഇതോടെ കുടുംബത്തിന്റെ ദുരിതം ഇരട്ടിച്ചു. പത്താം ക്ലാസ് പോലും ജയിക്കും മുമ്പോ മകൻ പണിക്കിറങ്ങി. വാഹനാപകടത്തിൽ കേസു കൊടുത്തിരുന്നുവെങ്കിൽ ചികിൽസാ ചെലവിനൊപ്പം നഷ്ടപരിഹാരമായി വലിയൊരു തുകയും കിട്ടുമായിരുന്നു. കേസായാൽ വാഹനം ഓട്ടിച്ച ആളിനെതിരെ ക്രിമിനൽ കേസു വരും. ഈ സാഹചര്യത്തിലാണ് കാറുടമ അപേക്ഷയുമായി എത്തിയത്.

ഇത് അംഗീകരിച്ചെങ്കിലും അസുഖം ഭേദമായപ്പോൾ സഹായിക്കാൻ ആറുമില്ലാതായി ഷൈജന്. മകൻ മാത്രമായി തണൽ. പഠനത്തോടൊപ്പം പത്രവിതരണമുൾപ്പെടെ പല ജോലികളും ചെയ്തു. പത്തിൽ നല്ല മാർക്ക് കിട്ടിയെങ്കിലും ഉപരിപഠനത്തിന് പോയില്ല. മഴയായതിനാൽ പ്ലംബിങ്,വയറിങ് ജോലികളിൽ സഹായിയായി പോകുകയാണ് ഇപ്പോൾ.

നെടുപുഴയിലെ റെയിൽവേഗേറ്റിന് സമീപമുള്ള വീടിന് മാസ വാടക 5,000 രൂപ നൽകണം. അച്ഛന് പ്രതിമാസം 3,000 രൂപയുടെ മരുന്നും വേണം. ഇതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഷിന്റോ ഇന്ന്.