തൃശ്ശുർ: കിയയുടെ എംപിവി കാർണിവൽ സ്വന്തമാക്കി മലയാളത്തിന്റെ യുവ നടൻ ഷൈൻ ടോം ചാക്കോ. കിയയുടെ ആഡംബര എംപിവിയായ കാർണിവല്ലിന്റെ പ്രീമിയം 8 സീറ്റ് പതിപ്പാണ് ഷൈൻ സ്വന്തമാക്കിയത്.തൃശ്ശൂരിലെ കിയ ഡീലർഷിപ്പിൽ നിന്നാണ് കറുത്ത നിറത്തിലുള്ള കാർണിവൽ ഷൈൻ വാങ്ങിയത്.

പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.കിയയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കാർണിവൽ.ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ് കാറിൽ ഉപയോഗിക്കുക.

കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ കിയ കാർണിവല്ലിനെ എത്തിക്കുന്നത്.ഏകദേശം 24.95 ലക്ഷം രൂപ മുതൽ 29.95 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്.