ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന്റെ കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കെതിരെ പരാതിയുമായി ശിവസേന നേതാവ് സുപ്രീം കോടതിയിൽ. ആര്യന്റെ മൗലികാവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ശിവസേന നേതാവ് കിഷോർ തിവാരി രംഗത്തെത്തിയത്.

എൻ.സി.ബി നടപടികൾ പ്രതികാരത്തിന്റെ ഭാഗമായുള്ളവയാണെന്നാണ് പരാതിയിൽ പറയുന്നത്. ലഹരി വിരുദ്ധ കേസുകൾ അന്വേഷിക്കുന്ന ഏജൻസി കഴിഞ്ഞ രണ്ട് വർഷമായി സിനിമാ, മോഡലിങ് മേഖലയിലുള്ളവരെയും മറ്റ് സെലിബ്രിറ്റികളേയും ബോധപൂർവം ലക്ഷ്യമിടുകയാണ്.

മുതിർന്ന എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമ രംഗത്ത് പരാജയപ്പെട്ടതാണ് പ്രതികാര ബുദ്ധിയോടെയുള്ള നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. സത്യം പുറത്തുകൊണ്ട് വരാൻ കോടതിയുടെ മേൽനോട്ടത്തിൽ എൻ.സി.ബിക്ക് എതിരേ അന്വേഷണം വേണമെന്നും ശിവസേന നേതാവ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.

എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമ മേഖലയിലെ മറ്റുള്ളവരിൽനിന്ന് കടുത്ത മത്സരം നേരിടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ ഭാര്യ മറാഠി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ ആരോപണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

എൻ.സി.ബി കസ്റ്റഡിയിലെടുത്ത ആര്യൻ ഖാൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണ്. ഒക്ടോബർ രണ്ടിന് മുംബൈ തീരത്ത് ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിയിൽ നിന്നാണ് ആര്യനേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏതാനം വർഷങ്ങളായി ആര്യൻ സ്ഥിരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് എൻ.സി.ബി പറയുന്നത്.